Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരാഷ്ട്രപതി: വെങ്കയ്യ നായിഡുവും ഗോപാല്‍കൃഷ്ണ ഗാന്ധിയും പത്രിക സമർപ്പിച്ചു

Venkaiah Naidu എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡു നാമനിർദേശ പത്രിക സമർപ്പിക്കാൻ ബിജെപി നേതാക്കൾക്കൊപ്പം എത്തിയപ്പോൾ.

ന്യൂഡൽഹി∙ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയും നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബിജെപി–എൻഡിഎ നേതാക്കൾ എന്നിവർക്കൊപ്പമെത്തിയാണ് വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചത്. മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ സന്ദർശിച്ച് അദ്ദേഹം അനുഗ്രഹം വാങ്ങിയിരുന്നു.

ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരില്ല. അടുത്തമാസം അഞ്ചിനാണ് വോട്ടെടുപ്പ്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും.

ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് വലിയ ബഹുമതിയാണെന്ന് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിച്ച വെങ്കയ്യ നായിഡു പറഞ്ഞു. ‘കഴിഞ്ഞ നാലുപതിറ്റാണ്ടായി ജനങ്ങൾക്കൊപ്പമാണ്. ഉപരാഷ്ട്രപതിയുടെ ഒാഫിസ് എന്നത് വ്യത്യസ്തമായ ഒരിടമാണ്. എല്ലാവർക്കും ഒരേ പോലെ നീതി നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. പാർലമെന്ററി ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയും ഭംഗിയും. അതിന്റെ ശക്തി വർധിപ്പിക്കാൻ തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യും. വളരെ ചെറിയ പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ട വ്യക്തിയാണ് താൻ. പാർട്ടിയെ സ്വന്തം അമ്മയെപോലെയാണ് കരുതിയത്. അവരാണ് എന്നെ ഇതുവരെ എത്തിച്ചത്’– വെങ്കയ്യ പറഞ്ഞു.

ഉപരാഷ്ട്രപതി സ്ഥാനാർഥിയായതിനു പിന്നാലെ കേന്ദ്ര നഗരവികസനമന്ത്രിപദത്തിൽനിന്നും അദ്ദേഹം രാജിവച്ചു. വെങ്കയ്യ കൈകാര്യം ചെയ്തിരുന്ന നഗരവികസന മന്ത്രാലയത്തിന്റെ അധികചുമതല നരേന്ദ്ര തോമറിന് നൽകി. മറ്റൊരു വകുപ്പായ വാർത്താ വിതരണത്തിന്റെ ചുമതല സ്മൃതി ഇറാനിക്കാണ്.

related stories