Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റ് മെട്രോ: സ്ഥലമെടുപ്പു വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

light-metro

തിരുവനന്തപുരം∙ ലൈറ്റ്മെട്രോ പദ്ധതികള്‍ക്കു ആവശ്യമായ സ്ഥലമെടുപ്പു വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ലൈറ്റ് മെട്രോ പദ്ധതി തീരുമാനിച്ചിരിക്കുന്നത്. ലൈറ്റ് മെട്രോയ്ക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നതു സംബന്ധിച്ചു ശുപാര്‍ശ നല്‍കാന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം ലൈറ്റ് മെട്രോ ടെക്നോസിറ്റി മുതല്‍ കരമന വരെ 21.8 കിലോമീറ്ററിലാണു വിഭാവനം ചെയ്തിട്ടുള്ളത്.  കരമനയില്‍നിന്നു പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തില്‍ പഠനം നടത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതിയില്‍ വരുന്ന ഉള്ളൂര്‍ ഫ്ലൈ ഓവര്‍ മെഡിക്കല്‍ കോളജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം വേണമെന്നു നിശ്ചയിച്ചു.

രണ്ടു നഗരങ്ങളിലെയും ലൈറ്റ് മെട്രോ പദ്ധതികള്‍ക്കു 2015ലാണു ഭരണാനുമതി നല്‍കിയത്. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ചു ചെലവ് 6,728 കോടി രൂപയാണ്. തിരുവനന്തപുരം - 4219 കോടി. കോഴിക്കോട് 2509 കോടി. കോഴിക്കോട്ടെ ലൈറ്റ് മെട്രോ മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയാണ്. ഇരു പദ്ധതികളിലും കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും മുതല്‍ മുടക്ക് 20% വീതമാണ്. ബാക്കി 60% വായ്പ.

തിരുവനന്തപുരത്ത് 1.98 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് 1.44 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍നിന്നു പണം അനുവദിക്കും.  പദ്ധതിക്കു കേന്ദ്രാനുമതിയും കേന്ദ്രത്തിന്‍റെ പങ്കാളിത്തവും പ്രതീക്ഷിച്ചാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
 
കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണു കൊച്ചി മെട്രോ നടപ്പാക്കിയത്. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഇ. ശ്രീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. കെ.എം. ഏബ്രഹാം, പി.എച്ച്. കുര്യന്‍, വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

related stories