Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവപരീക്ഷണം നടത്താതിരിക്കാൻ യുഎസ് 500 കോടി വാഗ്ദാനം ചെയ്തു: ഷരീഫ്

Nawaz Sharif

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ആണവപരീക്ഷണം നടത്താതിരിക്കാൻ യുഎസ് തനിക്കു വൻതുക വാഗ്ദാനം ചെയ്തെന്നു പ്രധാനമന്ത്രി നവാസ് ഷരീഫ്. 1998ൽ പാക്കിസ്ഥാൻ അണുപരീക്ഷണങ്ങൾ നടത്താതിരിക്കാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ അഞ്ച് ബില്യൺ ഡോളർ (500 കോടി രൂപ) വാഗ്ദാനം ചെയ്തെന്നാണു ഷരീഫിന്റെ വെളിപ്പെടുത്തൽ. രാജ്യത്തോടു കൂറുള്ളതിനാൽ താൻ ആ പണം നിരസിച്ചതായും ഷരീഫ് പറഞ്ഞു.

തന്റെ ഓഫിസ് അഴിമതിക്കെതിരെയും സാമ്പത്തിക ക്രമക്കേടുകൾക്കെതിരെയും നടത്തുന്ന പോരാട്ടങ്ങളെ സൂചിപ്പിക്കാനാണു ഷരീഫ് ഇക്കാര്യം പറഞ്ഞത്. 1998 മേയിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഇന്ത്യ പൊഖ്റാനിൽ ആണവപരീക്ഷണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണു യുഎസ് പാക്കിസ്ഥാനെ പണം നൽകി വശീകരിക്കാൻ ശ്രമിച്ചത്. എന്നാൽ താൻ അതിനു വശംവദനായില്ലെന്നും പാക്കിസ്ഥാൻ ആണവപരീക്ഷണങ്ങൾ നടത്തിയതായും ഷരീഫ് പറഞ്ഞു.

പാനമ അഴിമതി ആരോപണം അന്വേഷിക്കുന്ന സംയുക്ത സമിതി (ജെഐടി) റിപ്പോർട്ടിന്റെ പേരിൽ രാജിവയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഷരീഫിന്റെ തുറന്നുപറച്ചിൽ. രാജി ആവശ്യം നവാസ് ഷരീഫ് തള്ളിയിരുന്നു. പാക്കിസ്ഥാൻ ജനതയാണു തന്നെ തിരഞ്ഞെടുത്തതെന്നും അവർക്കു മാത്രമേ പുറത്താക്കാനാകൂവെന്നും ഷരീഫ് പറഞ്ഞു.

അഴിമതിപ്പണം കൊണ്ടു ഷരീഫിന്റെ മക്കൾ ലണ്ടനിൽ നാലു വീടുകൾ വാങ്ങിയെന്ന പാനമ രേഖകളിലെ വെളിപ്പെടുത്തലെക്കുറിച്ച് അന്വേഷിച്ച സംയുക്ത സമിതി, സുപ്രീം കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലുള്ളത് ഊഹങ്ങൾ മാത്രമാണെന്നു നവാസ് ഷരീഫ് ആരോപിച്ചു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷരീഫിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു തെഹ്‌രികെ ഇൻസാഫ് അധ്യക്ഷനും മുൻ പാക്ക് ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണു സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചത്.