Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സപ്ലൈകോ കരാറുകാരെ ഒഴിവാക്കുന്നു; ആന്ധ്രയില്‍നിന്ന് അരി നേരിട്ടെടുക്കും

Rice Sacks

തിരുവനന്തപുരം ∙ കരാറുകാരെ ഒഴിവാക്കി ആന്ധ്രയിൽ നിന്ന് നേരിട്ട് അരിയെടുക്കാൻ സപ്ലൈകോ തീരുമാനിച്ചു. ആന്ധ്രയിലെ സിവിൽ സപ്ലൈസ് കോർപറേഷനായിരിക്കും അരി നൽകുക. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആന്ധ്ര ഉപമുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിലയുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും നേരിട്ട് അരിയെത്തിക്കുന്നതോടെ സപ്ലൈകോ വിതരണകേന്ദ്രങ്ങളിൽ ജയ അരിയുടെ വില കുറയുമെന്നാണ് സൂചന. നിലവിൽ 25 രൂപയ്ക്കാണ് വിൽക്കുന്നത്. ഒാണത്തിന് മുമ്പ് ഇരുസംസ്ഥാനങ്ങളും തമ്മിൽ കരാറുണ്ടാക്കാനും തീരുമാനിച്ചു. 

72,000 മെട്രിക് ടൺ ജയ അരിയാണ് ഒരുവർഷം കേരളത്തിനുവേണ്ടത്. ആന്ധ്രയിലെ മില്ലുടകൾ ഇടനിലക്കാർ വഴിയാണ് സപ്ലൈകോയ്ക്ക് ഇപ്പോൾ അരി നൽകുന്നത്. അതുകൊണ്ടുതന്നെ അരിയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് മില്ലുടമകൾ ഇടയ്ക്കിടെ വിലകൂട്ടുന്നത് പതിവാണ്. സംസ്ഥാനത്ത് അരിവില അൻപത് കടക്കാൻ കാരണമായതും മില്ലുടമകളുടെ ഈ സമ്മർദതന്ത്രമായിരുന്നു.

ഇതിന് തടയിടാനാണ് ആദ്യം മുഖ്യമന്ത്രിയും ഇപ്പോൾ ഭക്ഷ്യമന്ത്രിയും ആന്ധ്ര സർക്കാരുമായി ചർച്ച നടത്തി നേരിട്ട് അരിയെടുക്കാൻ ധാരണയായിരിക്കുന്നത്. ഇതനുസരിച്ച് ആന്ധ്ര സിവിൽ സപ്ലൈസ് കോർപറേഷൻ മില്ലുടകളിൽ നിന്ന് അരിയെടുത്ത് ഒാരോ മാസവും കേരളത്തിൽ എത്തിച്ചുനൽകും. പകരം സപ്ലൈകോ ഉൽപാദിപ്പിക്കുന്ന ശബരി വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ആന്ധ്രയ്ക്ക് നൽകും.