Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരുടെ 19,000 കോടിയുടെ വിദേശ കള്ളപ്പണ നിക്ഷേപം കണ്ടെത്തി: കേന്ദ്രം

Arun Jaitley

ന്യൂഡൽഹി ∙ സ്വിറ്റ്സർലൻഡിലെ എച്ച്എസ്ബിസി ഉൾപ്പെടെയുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരുടെ 19,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്ന് കേന്ദ്രസർക്കാർ. ഐസിഐജെ (ഇന്റർനാഷനൽ കൺസോർഷ്യം ഒാഫ് ഇൻവസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്) പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പറഞ്ഞു.

നികുതി നൽകാതെയും ചെറിയ നികുതി മാത്രം നൽകിയും ഏതാണ്ട് 700 അക്കൗണ്ടുകളിലായി 11,010 കോടി രൂപയാണ് വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ വെളിപ്പെടുത്താതെ നിക്ഷേപിച്ചിരിക്കുന്നത്. 31 കേസുകളിലായി 72 പ്രോസിക്യൂഷൻ പരാതികൾ ക്രിമിനൽ കോടതികളിലുണ്ടെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

പാനമ രേഖകൾ പുറത്തു വന്നതിനെ തുടർന്ന് ഇന്ത്യക്കാരുടെ വിദേശരാജ്യങ്ങളിലുള്ള സ്വത്തിന്റെ കണക്ക് കണ്ടെത്താൻ 2016 ഏപ്രിലിൽ കേന്ദ്രസർക്കാർ മൾട്ടി ഏജൻസി ഗ്രൂപ്പ് (എംഎജി) എന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ശക്തമായ അന്വേഷണങ്ങളുടെ ഫലമായി വെളിപ്പെടുത്താത്ത 8437 കോടിരൂപയ്ക്ക് നികുതി ഈടാക്കാൻ സാധിച്ചു. മേയ് 2017 വരെയുള്ള കണക്കാണ് ഇത്. 162 കേസുകളിലായി 1,287 കോടി രൂപ നികുതിയായി ലഭിച്ചെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‍ലി വ്യക്തമാക്കി.

related stories