Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരക്ഷകരെ തള്ളി കേന്ദ്രം സുപ്രീംകോടതിയിൽ; സംസ്ഥാനങ്ങൾ നടപടിയെടുക്കണം

Supreme Court of India

ന്യൂഡൽഹി∙ ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് എതിരാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. സോളിസിറ്റർ ജനറൽ ആണ് കേന്ദ്രത്തിനുവേണ്ടി കോടതിയിൽ ഹാജരായത്.

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ തടയുന്നതെങ്ങനെയെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കോടതി നിർദേശം നൽകി. ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു സുപ്രീംകോടതിയുടെ പ്രസ്താവന എന്നതു ശ്രദ്ധേയമാണ്.

ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ പാർലമെന്റിൽ പ്രതിപക്ഷം സർക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ആക്രമണത്തിനുള്ള സാഹചര്യം ഒരുക്കുകയാണെന്നും പിന്നീട് മാറിനിന്ന് രണ്ടു നിലപാടുകൾ സ്വീകരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഗോ സംരക്ഷകരെന്നു നടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചിരുന്നു.

2017ൽ ഒട്ടേറെ കൊലപാതകങ്ങൾക്കും കന്നുകാലി നിരോധനത്തിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇവയെല്ലാം തന്നെ വ്യവസായങ്ങളെ മോശമായി ബാധിക്കുകയും ചെയ്തു. കഴിഞ്ഞ 50 വർഷത്തിനിടെ കാണാത്ത തരത്തിലുള്ള വാർത്തകളാണ് നാം കാണുന്നതെന്നും സിബൽ പറ‍ഞ്ഞു.

എന്നാൽ വിഷയം പ്രതിപക്ഷം രാഷ്ട്രീവത്കരിക്കുകയാണെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ കേന്ദ്രം പിന്തുണയ്ക്കുന്നില്ല. ഇതുവരെയുണ്ടായ അക്രമങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അക്രമങ്ങളിൽ പ്രധാനമന്ത്രി എപ്പോഴും അപലപിച്ചിട്ടുണ്ട്. അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ജയ്റ്റ്ലി പറഞ്ഞു.

related stories