Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ ഫോൺ, കോൾ, അൺലിമിറ്റഡ് ഡേറ്റ; വൻ ചലനമുണ്ടാക്കാൻ ജിയോഫോൺ

reliance-jio-mukesh-ambani

മുംബൈ∙ ടെലികോം രംഗത്ത് വൻ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഫീച്ചർ ഫോൺ അവതരിപ്പിച്ചു. ഫോൺ‌ സൗജന്യമായി നൽകുമെന്നാണു പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്നു വർഷത്തിനുശേഷം പൂർണമായും ഉപയോക്താവിനു തിരിച്ചുനൽകും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. 2017 അവസാനത്തോടെ ജിയോ ഫോണുകൾ ഇന്ത്യയിൽത്തന്നെ നിർമിച്ചു തുടങ്ങും. ഒരു ആഴ്ചയിൽ 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് പദ്ധതി. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്.

ഇന്ത്യയിലെ 22 ഭാഷകളെ ഈ ഫോൺ പിന്തുണയ്ക്കുമെന്നു പ്രഖ്യാപനം നടത്തിക്കൊണ്ട് മുകേഷിന്റെ മകൻ ആകാശ് അംബാനി വ്യക്തമാക്കി. ജിയോ ഫോണിൽനിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതൽ 153 രൂപയ്ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ നൽകുമെന്നതാണു പ്രധാന പ്രഖ്യാപനം.

ഫോണിന്റെ പ്രത്യേകതകൾ ആകാശ് ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. വോയിസ് റെക്കഗ്നിഷൻ വഴി പ്രധാനമന്ത്രിയുടെ മൻ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേൾപ്പിച്ചു. ജിയോ ഫോണിൽനിന്ന് #5 ബട്ടൻ അമർത്തിയാൽ അപായസന്ദേശം പോകുമെന്നു മുകേഷിന്റെ മകൾ ഇഷ അംബാനിയും അറിയിച്ചു.

Jio Phone

പ്രഖ്യാപനങ്ങളിൽനിന്ന്:

  • മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് സെപ്റ്റംബർ മുതൽ ജിയോഫോൺ നൽകിത്തുടങ്ങും. ഓഗസ്റ്റ് 24 മുതൽ പ്രീ ബുക്കിങ് നടത്താം. ഓഗസ്റ്റ് 15 മുതൽ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഫോൺ നൽകും.

  • ജിയോ ഫോണിനൊപ്പം ‘ജിയോഫോൺ ടിവി കേബിൾ’ കൂടി ഉപഭോക്താക്കൾക്കു നൽകും. ഏതു ടിവിയുമായും ഈ കേബിൾ വഴി ജിയോ ഫോൺ ബന്ധിപ്പിക്കാം.

  • മാസം 153 രൂപ നൽകാനില്ലാത്തവർക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകൾ ആണുള്ളത്.

  • ജിയോ ഫോൺ വരുന്നതിലൂടെ 2ജി ഫോണുകൾ കാലഹരണപ്പെടും. ജിയോയിലൂടെ പുതിയ ലോക റെക്കോർഡാണ് ഉണ്ടാകുന്നത്.

  • 40 വർഷത്തിനിടെ റിലയൻസിന്റെ ലാഭം 4,700 മടങ്ങ് വർധിച്ചു.

  • ഇക്കാലത്തിനിടെ മൂന്നു കോടിയിൽനിന്നു 30,000 കോടി രൂപയിലേക്കു ആകെ ലാഭം ഉയർന്നു.

  • 1977ൽ 32 കോടി രൂപയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സമ്പാദ്യം. ഇപ്പോൾ ഏഴു ലക്ഷം കോടി രൂപയിലെത്തി. വർധന 20,000 മടങ്ങ്.

  • 1977ൽ കമ്പനിയിലെ ജീവനക്കാർ 3500. ഇപ്പോൾ ലോകമാകെ രണ്ടര ലക്ഷം ജീവനക്കാർ.

  • ലോകത്ത് ഏറ്റവും അധികം ഡേറ്റ ഉപഭോഗമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ജിയോയ്ക്കു കഴിഞ്ഞു. ജിയോ പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിമാസ ഡേറ്റാ ഉപയോഗം 20 കോടി ജിബിയിൽനിന്ന് 120 കോടി ജിബിയായി ഉയർന്നു.
  • സെപ്റ്റംബറോടെ രാജ്യത്താകമാനം 10,000 ജിയോ ഓഫിസുകൾ ഉണ്ടാകും. പ്രധാനപ്പെട്ട ഇ കൊമേഴ്സ് പ്ലാറ്റഫോമുകളുമായി ജിയോയെ ബന്ധിപ്പിക്കും.
  • ജിയോ പ്രൈം അംഗങ്ങൾക്ക് താരിഫ് സൗകര്യങ്ങളും മറ്റും തുടരും.
  • ഇന്ന് ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.
related stories