Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പൗരന്മാർക്ക് ഉത്തര കൊറിയ ഇനി ‘വിലക്കപ്പെട്ട കനി’; ഉത്തരവ് ഉടൻ

Otto-Warmbier ഒട്ടോ ഫ്രഡറിക് വാമ്പിയർ ഉത്തരകൊറിയൻ സൈനികർക്കൊപ്പം (ഫയൽ ചിത്രം).

വാഷിങ്ടൻ ∙ ഉത്തരകൊറിയയുമായി അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ അവിടം സന്ദർശിക്കുന്നതിൽനിന്ന് പൗരൻമാരെ വിലക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ 27നു വിലക്കു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണു സൂചന. 30 ദിവസങ്ങൾക്കുശേഷം വിലക്കു പ്രാബല്യത്തിൽ വരും. ഉത്തരകൊറിയയിലേക്കു വിനോദസഞ്ചാരികളെ എത്തിക്കുന്ന ഏജൻസികളായ കോർയോ ടൂർസ്, യങ് പയനിയർ ടൂർസ് എന്നിവയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ, ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇതു സംബന്ധിച്ച് നിർദേശം ലഭിച്ചെന്നു യങ് പയനിയർ ടൂർസ് പത്രക്കുറിപ്പിൽ അറിയിച്ചു. 30 ദിവസങ്ങൾക്കുശേഷം ഉത്തരകൊറിയ സന്ദർശിക്കുന്നവരുടെ പാസ്പോർട്ട് അസാധുവാകുമെന്നും യുഎസ് അറിയിച്ചതായി പത്രക്കുറിപ്പിലുണ്ട്. ഉത്തരകൊറിയയിലെ യുഎസ് കാര്യങ്ങൾ നോക്കുന്ന സ്വീഡിഷ് എംബസിയിൽനിന്നാണു വിവരം അറിയിച്ചതെന്ന് യങ് പയനിയർ ടൂർസ് പ്രതികരിച്ചു. രാജ്യത്തു ബാക്കിയുള്ള യുഎസ് പൗരന്മാരായ വിനോദസഞ്ചാരികളെക്കുറിച്ച് എംബസി വിവരങ്ങൾ ശേഖരിക്കുകയാണ്. എല്ലാ യുഎസ് പൗരന്മാരും ഉടൻ രാജ്യം വിടണമെന്നും എംബസി അറിയിക്കുന്നുണ്ട്.

ഉത്തരകൊറിയയിൽ തടവിൽ കഴിയവെ ‘കോമ’ അവസ്ഥയിലാവുകയും പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്ത ഒട്ടോ വാമ്പിയർ (22) ഉൾപ്പെടുന്ന സംഘത്തെ ഉത്തരകൊറിയയിൽ എത്തിച്ചത് യങ് പയനിയർ ടൂർസ് കമ്പനിയായിരുന്നു. സാമ്പത്തികശാസ്ത്ര വിദ്യാർഥിയായിരുന്ന ഒട്ടോ വാമ്പിയർ 2016 ജനുവരി രണ്ടിനാണ് ഉത്തരകൊറിയയിൽ അറസ്റ്റിലായത്. 15 വർഷത്തേക്കാണ് ശിക്ഷ ലഭിച്ചത്. പിന്നീട് ജൂണിൽ വാമ്പിയർ ബോട്ടുലിസം ബാധിച്ച് കോമയിലാണെന്ന് ഉത്തര കൊറിയ അറിയിക്കുകയായിരുന്നു. ഈ ജൂൺ 13ന് വാമ്പിയറിനെ യുഎസിലേക്കു മടക്കിയയച്ചിരുന്നു. വാമ്പിയറിനുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ നിന്നുള്ള സഞ്ചാരികളെ മേലിൽ ഉത്തരകൊറിയയിലേക്ക് കൊണ്ടുപോകില്ലെന്നു ചൈനീസ് കമ്പനിയായ യങ് പയനിയർ ടൂർസ് അറിയിച്ചിരുന്നു.

അതേസമയം, വാമ്പിയറിനെക്കൂടാതെ മൂന്നു യുഎസ് പൗരന്‍മാർക്കൂടി ഉത്തരകൊറിയയിൽ തടവിലുണ്ട്. ദക്ഷിണകൊറിയയിൽ ജനിച്ച കിം ഡോങ് ചുൽ (62, ഇയാൾ യുഎസ് പൗരത്വം നേടിയിരുന്നു) 2016 ഏപ്രിലിൽ ചാരപ്രവർത്തനത്തിന്റെ പേരിൽ 10 വർഷത്തേക്കാണു ശിക്ഷിച്ചത്. കൊറിയന്‍ – അമേരിക്കൻ പ്രഫസർ കിം സാങ് ഡുക്കിനെ (ടോണി കിം) ഈ വർഷം ഏപ്രിലിൽ തടഞ്ഞുവച്ചു. അറസ്റ്റിനു പിന്നിലുള്ള കാരണം എന്താണെന്നു വ്യക്തമല്ല. പ്യോങ്യാങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (പിയുഎസ്ടി) പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. പിയുഎസ്ടിയിൽ ജോലി ചെയ്തിരുന്ന കിം ഹാക് സോങ്ങിനെയും മേയിൽ അറസ്റ്റ് ചെയ്തു.