Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവയ്ക്കില്ല, അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം മൂലം: എം. വിൻസന്റ്

vincent പൊലീസ് അറസ്റ്റുചെയ്ത എ. വിൻസെന്റ് എംഎൽഎയെ വൈദ്യപരിശോധനയ്ക്കുശേഷം നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു.

തിരുവനന്തപുരം ∙ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. വിൻസന്റ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സമ്മർദ്ദമാണ് തന്റെ അറസ്റ്റിനു പിന്നിൽ. വടക്കാഞ്ചേരി പീഡനക്കേസിൽ പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതൽ തുടങ്ങുകയാണെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വിൻസന്റ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് വിൻസന്റിന്റെ പ്രതികരണം.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: ഹസ്സൻ
വിൻസന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് വിധിച്ചാലെ പാർട്ടി നടപടിയെടുക്കൂ. കോൺഗ്രസിലെ വനിതാ നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹസൻ പ്രതികരിച്ചു.

അറസ്റ്റ് അസാധാരണ സംഭവം: ചെന്നിത്തല
കോവളം എംഎൽഎ എം.വിന്‍സന്റിന്‍റെ അറസ്റ്റ് അസാധാരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഈ മാസം 25ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല ചങ്ങനാശേരിയില്‍ പറഞ്ഞു.

വിൻസെന്റ് രാജിവച്ച് മാതൃക കാണിക്കണം: ഷാനിമോൾ
പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ വിൻസെന്റ് രാജിവച്ച് മാതൃക കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. മുൻകാല പ്രവർത്തനം പരിശോധിക്കുമ്പോൾ ഇത്തരമൊരു കുറ്റം ചെയ്യുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. പാർട്ടിക്ക് നൽകിയ വിശദീകരണത്തിലും നിരപരാധിത്വം അദ്ദേഹം വിശദീകരിച്ചിരുന്നു. വിൻസന്റിന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുന്നതിന് ശക്തമായി മുന്നോട്ടു പോകണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു.

related stories