Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി കോഴ: നേതാക്കളുടെ ബാങ്ക് ഇടപാട് എൻഫോഴ്സ്മെന്റ് പരിശോധിക്കും

BJP Flag

തിരുവനന്തപുരം∙ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകാൻ ബിജെപി നേതാക്കൾ കോഴവാങ്ങിയത് ഹലാവ ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരിൽനിന്ന് ഹവാല ഇടപാടിലൂടെ പണം ഡൽഹിക്ക് അയച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ഹവാല ഇടപാടുകൾ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിറ്റിന്(2002) കീഴിൽ വരുന്നതിനാലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. ഇതിനു സമാന്തരമായി ആരോപണ വിധേയരുടേയും പരാതിക്കാരുടേയും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ചു തുടങ്ങി.

വളരെ ഗുരുതരമായ കുറ്റകൃത്യമാണ് ഹവാല ഇടപാടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. അന്വേഷണത്തിൽ‌ കുറ്റം തെളിഞ്ഞാൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിലെ സെഷൻ നാല് അനുസരിച്ച് മൂന്നുകൊല്ലത്തിൽ കുറയാത്തതും പരമാവധി ഏഴുവർഷംവരെയും കഠിനതടവും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കും. കോഴയായി കൊടുത്ത തുകയുടെ ഏഴിരട്ടിവരെ പിഴയായി ഈടാക്കാൻ ബന്ധപ്പെട്ട ഏജൻസിക്ക് കഴിയും.

അനധികൃതമായ രീതിയിൽ പണം നോട്ട് രൂപത്തിൽ ഒരാളിൽനിന്നു മറ്റൊരാളിലേക്ക് കൈമാറുന്നതാണ് ഹവാല. എന്നാൽ, ഹവാല മാർഗത്തിൽ പണം കൈമാറാനുള്ള സാധ്യതകൾ കുറവാണെന്നു ബാങ്കിങ് രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. നോട്ടുനിരോധനം വന്നശേഷം ഇത്തരം ഇടപാടുകൾ കുറവാണെന്നും അവർ വ്യക്തമാക്കുന്നു. ‘കാഷ് നേരിട്ടു കൊടുക്കുന്ന ഇടപാടുകൾ കുറവാണ്. നോട്ടുനിരോധനത്തിനുശേഷം വന്ന ബുദ്ധിമുട്ടുകളാണ് കാരണം’ – ബാങ്കിങ് മേഖലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണത്തിൽ ബാങ്ക് വഴി ഇടപാട് നടന്നിരിക്കാനാണു സാധ്യതയെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) വഴി പണം കൈമാറാൻ കഴിയും. രണ്ടു ലക്ഷത്തിനു മുകളിൽ തുക കൈമാറുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. റിസർവ് ബാങ്ക് ഇത്തരം ഇടപാടുകൾക്ക് പ്രത്യേക പരിഗണനയാണു നൽകുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ അക്കൗണ്ടിലേക്ക് പണം കൈമാറപ്പെടും.

രണ്ടു ലക്ഷംവരെയുള്ള തുക കൈമാറുന്നതിന് എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) ആണ് ഉപയോഗിക്കുന്നത്. ഈ രണ്ടു സംവിധാനം ഉപയോഗിച്ചാലും അയച്ച ആളിനെയും സ്വീകരിച്ച ആളിനെയും വേഗത്തിൽ കണ്ടെത്താൻ കഴിയും. വിവരം ചോരില്ലെന്ന ഉറപ്പ് ലഭിച്ചിരിക്കുമെന്നതിനാൽ ബാങ്ക് വഴി ഇടപാട് നടന്നിരിക്കാനുള്ള സാധ്യത അന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. ഇക്കാരണത്താലാണ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്ന നടപടികൾ അന്വേഷണ സംഘം ആരംഭിച്ചത്.