Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ മെഡിക്കൽ പ്രവേശനം: നടപടികൾ വൈകുന്നു; സർക്കാർ പ്രതിസന്ധിയിലേക്ക്

MBBS

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക്. രണ്ട് അലോട്മെന്റ് നടത്താതെയും കരാർ ഒപ്പുവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച എട്ടു സ്വാശ്രയ മെഡിക്കൽ കോളജുകളുടെ കാര്യത്തിൽ തുടർ നടപടി വൈകിച്ചും മെഡിക്കൽ പ്രവേശനത്തെ കൂട്ടക്കുഴപ്പത്തിലേക്കു നയിക്കുകയാണു സർക്കാർ.

വൻതോതിൽ സീറ്റുകൾ മാനേജ്മെന്റുകൾക്ക് അടിയറ വയ്ക്കുന്നതിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും സർക്കാർ നടപടി ഇഴഞ്ഞുനീങ്ങുന്നു. സർക്കാരുമായി കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ രണ്ടു തട്ടിലാണ്. അസോസിയേഷൻ സെക്രട്ടറിയുടെ കോളജ് ഉൾപ്പെടെ എട്ടു കോളജുകൾ കരാറിനു സന്നദ്ധത അറിയിച്ചപ്പോൾ പ്രസിഡന്റിന്റെ കോളജ് ഉൾപ്പെടെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

എംഇഎസ്, കാരക്കോണം, മലബാർ, ഗോകുലം മെഡിക്കൽ കോളജുകൾക്കു പുറമെ അസീസിയ, പരിയാരം, കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾകൂടി സർക്കാരുമായി കരാറിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ കരാർ ഒപ്പിടാൻ മാനേജ്മെന്റുകൾ തയാറായാൽ രാത്രിയിൽപോലും കരടു തയാറാക്കി തൊട്ടടുത്ത ദിവസങ്ങളിൽ ഒപ്പു വയ്ക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ കൂടുതൽ കോളജുകളിൽനിന്നു കരാറിനു സന്നദ്ധത ക്ഷണിച്ചു കാത്തിരിക്കുകയാണു സർക്കാർ.

കരാറിനു സന്നദ്ധത അറിയിച്ച രണ്ടു മെഡിക്കൽ കോളജുകൾ മുൻ വർഷങ്ങളിൽ പ്രവേശനത്തിൽ ക്രമക്കേടു കാട്ടിയതിനു നടപടി നേരിട്ടവരാണ്. സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കു രണ്ട് അലോട്മെന്റ് നടത്തുന്നതിനു തങ്ങൾക്ക് എതിർപ്പില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിൽ അറിയിച്ചു. ഇപ്പോൾ കരാറിനു തയാറായവരുടെയും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെയും കോളജുകളിലേക്ക് അലോട്മെന്റ് നടത്താൻ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്ന് അദ്ദേഹം അറിയിച്ചു.

രാജേന്ദ്രബാബു കമ്മിറ്റി അനുവദിച്ച ഫീസ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ചില മാനേജ്മെന്റുകൾ നൽകിയ അപ്പീലിൽ അടുത്തയാഴ്ച സുപ്രീംകോടതി വിധി പറയുമെന്നു പ്രതീക്ഷിക്കുന്നു. വിധി വരുമ്പോഴെങ്കിലും സർക്കാർ അനങ്ങുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികൾ. സ്വാശ്രയ കോളജുകളിലേക്കു രണ്ട് അലോട്മെന്റ് നടത്താൻ ഇപ്പോഴും സമയം ഉണ്ട്. ഇക്കാര്യത്തിൽ ആരോഗ്യ, നിയമ വകുപ്പുകളും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസും ഉണർന്നു പ്രവർത്തിക്കണമെന്നേയുള്ളൂ.

സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്മെന്റ് മാത്രം നടത്തുകയും സീറ്റ് ഒഴിവു വരികയും ചെയ്താൽ സ്പോട് അഡ്മിഷൻ നടത്താനുള്ള അവകാശം തങ്ങൾക്കാണെന്നും അതു സർക്കാരിനു വിട്ടുകൊടുക്കില്ലെന്നും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടി. ഇതു മുന്നിൽ കണ്ടെങ്കിലും സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സർക്കാർ അനങ്ങുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികൾ. ഇതിനിടെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫിസിന്റെ വീഴ്ചകൾ തുടരുകയാണ്. മെഡിക്കൽ കോഴ്സുകളിലേക്കു കഴിഞ്ഞ 15നു കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെങ്കിലും പരാതി സമർപ്പിക്കണമെന്നു വിജ്ഞാപനത്തിൽ അറിയിച്ചിരുന്നില്ല. ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കാറ്റഗറി ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിച്ചു.

മലപ്പുറത്തുനിന്നു പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ നേരിട്ടെത്തിയവരുടെ പരാതി പരിഹരിക്കാൻ പോലും അധികൃതർ കൂട്ടാക്കിയില്ല. അന്ന് അഞ്ചു മണിക്കു മുമ്പു രേഖകൾ എത്തിച്ചാൽ പരിഗണിക്കാമെന്നാണ് അവർക്കു നൽകിയ മറുപടി. പരാതി സംബന്ധിച്ചു വ്യക്തമായ നിർദേശം നൽകാതെ, ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പട്ടിക പുതുക്കിയതു ശരിയായ നടപടിയല്ലെന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കഴിഞ്ഞദിവസം നടന്ന എൻജിനീയറിങ് അവസാനഘട്ട അലോട്മെന്റിനു ശേഷവും ഒട്ടേറെ എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി അലോട്മെന്റ് രേഖകൾ വ്യക്തമാക്കുന്നു. ഈ സീറ്റുകളിൽ വിദ്യാർഥികളെ കണ്ടെത്തിയില്ലെങ്കിൽ പല സ്വാശ്രയ കോളജുകളും സാമ്പത്തിക നഷ്ടത്തിലാകും.

related stories