Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലുകുടുംബത്തെ അനാവശ്യമായി പിന്താങ്ങരുത്: രാഹുലിനോട് നിതീഷ്

Nitish-Rahul

ന്യൂഡൽഹി ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. ബിഹാർ സർക്കാരിൽ സഖ്യകക്ഷികളായ ജെഡിയുവിനും ആർജെഡിക്കും ഇടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമാണ്. ബിഹാറിൽ കോൺഗ്രസ് കൂടി ഉൾപ്പെടുന്നതാണ് ഭരണകക്ഷിയായ മഹാസഖ്യം. ഡൽഹിയിലെ കോൺഗ്രസ് ഉപാധ്യക്ഷന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കുന്നതിനായാണ് നിതീഷ് ഡൽഹിയിലെത്തിയത്.

ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരായ അഴിമതിക്കേസും ഇരുവരും ചർച്ച ചെയ്തു. തുടർച്ചയായി അഴിമതിക്കേസുകളിൽ കുടുങ്ങുന്ന ലാലുവിനെയും കുടുംബാംഗങ്ങളെയും പ്രതിരോധിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് നിതീഷ് കുമാർ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് സൂചന. ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ അയോഗ്യതയിൽനിന്ന് രക്ഷിക്കാൻ ലക്ഷ്യമിടുന്ന ഓർഡിനൻസ്‍ 2013ൽ രാഹുൽ കീറിയെറിഞ്ഞ ചരിത്രവും നിതീഷ് അദ്ദേഹത്തെ ഓർമിപ്പിച്ചതായി ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ടു ചെയ്തു.

ബെനാമി സ്വത്തുകേസിൽ തേജസ്വിക്കെതിരെ സിബിഐ കേസെടുത്തതോടെയാണ് ഇരുപാർട്ടികൾക്കുമിടയിലെ ബന്ധം വഷളായത്. തേജസ്വി വിശദീകരണം നൽകുകയോ രാജിവയ്‌ക്കുകയോ വേണമെന്ന കർശന നിലപാടിലായിരുന്നു ജെഡിയു. എന്നാൽ, രാജിവയ്‌ക്കില്ലെന്ന ഉറച്ച നിലപാടാണ് ആർജെഡി സ്വീകരിച്ചത്. പ്രശ്‌നം ഭരണസഖ്യത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായതോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അനുനയ നീക്കവുമായി രംഗത്തെത്തിയിരുന്നു.