Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെരീഫ് ശിക്ഷിക്കപ്പെട്ടാൽ സഹോദരൻ പാക്ക് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോർട്ട്

Shehbaz Sharif

ഇസ്‍ലാമാബാദ്∙ പാനമ അഴിമതിക്കേസിൽ സുപ്രീംകോടതി വിധി എതിരായാൽ, സഹോദരൻ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കാൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷരീഫ്. പാർലമെന്റ് അംഗമല്ലാത്തതിനാൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഷഹബാസിന് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഷഹബാസ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നതുവരെ പ്രതിരോധമന്ത്രിയായ ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്തു.

വിധി എതിരായാൽ, ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാർഗങ്ങളും തേടണമെന്നു കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഷെഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, അഭിഭാഷക സംഘം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സുപ്രീംകോടതിയിലെ കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായിരുന്നു യോഗമെന്നും ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.

അതേസമയം, പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചു ചർച്ച നടന്നിട്ടില്ലെന്നും എല്ലാവരും ഷരീഫിനൊപ്പം അടിയുറച്ചുനിൽക്കുന്നുവെന്നും ഖ്വാജ ആസിഫ് പറഞ്ഞു. വാദം പൂർത്തിയായതോടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങൾക്കുമെതിരായ പാനമ അഴിമതിക്കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.

1990കളിൽ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. ഇതേത്തുടർന്നു കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു 10 വാല്യങ്ങളുള്ള റിപ്പേർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള കത്തിടപാടുകളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ടിലെ അവസാന ഭാഗം രഹസ്യമാക്കി സൂക്ഷിക്കണമെന്നു സമിതി കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഷരീഫിന്റെ അഭിഭാഷകർ ഇതിനെ എതിർക്കുകയും ചെയ്തു.