Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂർഖാലാൻഡ്: മാവോയിസ്റ്റ് പിന്തുണയോടെ ജിജെഎം സായുധപോരാട്ടത്തിനെന്ന് പൊലീസ്

GJM supporters ഗൂർഖാ ജൻമുക്തി മോർച്ച പ്രവർത്തകർ പ്രകടനം നടത്തുന്നു. (ഫയൽ ചിത്രം)

ഡാർജിലിങ് ∙ ഗൂർഖാലാൻഡ് സംസ്ഥാനം വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന ഗൂർഖാ ജൻമുക്തി മോർച്ച (ജിജെഎം) മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാട്ടത്തിന് തയാറെടുക്കുന്നുവെന്ന് പൊലീസ്. അയൽ രാജ്യങ്ങളിൽ നിന്നും മാവോയിസ്റ്റുകളെ എത്തിച്ച് ജിജെഎം പ്രവർത്തകർക്ക് പരിശീലനം നൽകുകയാണെന്ന് ബംഗാൾ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

അയൽരാജ്യങ്ങളിൽനിന്നും മാവോയിസ്റ്റുകളെ ജിജെഎം എത്തിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും മുതിർന്ന പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരെയും മാവോയിസ്റ്റുകൾ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജി അൻജു ശർമ മുന്നറിയിപ്പു നൽകി.

എന്നാൽ, പൊലീസിന്റെ ആരോപണം ജിജെഎം നേതൃത്വം തള്ളി. മാവോയിസ്റ്റുകളുടെ സഹായം തേടുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ജിജെഎം ജനറൽ സെക്രട്ടറി റോഷൻ ഗിരി പ്രതികരിച്ചു. ഗൂർഖാലാൻഡ് സംസ്ഥാനത്തിനായി നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തെ വഴിതെറ്റിക്കാനാണ് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

25–30 വരെ മാവോയിസ്റ്റുകളെയാണ് ജിജെഎം പ്രവർത്തകരെ പരിശീലിപ്പിക്കാൻ കൊണ്ടുവന്നതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജിജെഎം സംഘം വലിയ ആയുധശേഖരം നടത്തുന്നുണ്ട്. മേഖലയിൽ സായുധപോരാട്ടത്തിന് ജിജെഎം പ്രവർത്തകർ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതു സാഹചര്യത്തെയും നേരിടാൻ സുരക്ഷാ വിഭാഗം ഒരുക്കമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കഴിഞ്ഞ 38 ദിവസമായി ഡാർജിലിങ് മേഖലയിൽ ഗൂർഖാലാൻഡ് പ്രക്ഷോഭം തുടരുകയാണ്. ഇവർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകൾക്കും ഔട്ട്പോസ്റ്റുകൾക്കും നേരെ ആക്രമണവും നടത്തിയിരുന്നു. പലയിടങ്ങളിലും പൊലീസിന്റെ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ മോഷണം പോവുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികൾക്കു പിന്നിൽ സാധരണഗതിയിൽ മാവോയിസ്റ്റുകളാണ് എന്നാണ് പൊലീസ് നിഗമനം.