Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ എന്നും പ്രിയപ്പെട്ടവൻ– അനുശോചനവുമായി നേതാക്കൾ

Uzhavoor Vijayan

കോട്ടയം ∙ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ നിര്യാണത്തിൽ അനുശോചനവുമായി നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെ.എം. മാണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ ഉഴവൂർ വിജയന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ

എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ നിര്യാണം ഏറെ വേദനിപ്പിക്കുന്നു. യാതൊരുവിധ ചാഞ്ചല്യവുമില്ലാതെ ദീർഘകാലം ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേർന്നുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉഴവൂർ വിജയൻ. വ്യക്തിശുദ്ധിയും രാഷ്ട്രീയശുദ്ധിയും ഒരുപോലെ സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം മാതൃകാപരമായിരുന്നു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അധികാരത്തിനു പിന്നാലെ പായാതെ, നിസ്വാർത്ഥമായ പൊതുപ്രവർത്തനം നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു പ്രസംഗ വേദികളിൽ ജനങ്ങളുടെ പ്രിയപ്പെട്ട പ്രാസംഗികനായിരുന്നു ഉഴവൂർ. ഗൗരവമായ പ്രശ്നങ്ങൾ പോലും നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി താരതമ്യങ്ങൾക്കതീതമാണ്. അദ്ദേഹത്തിന്റെ വിയോഗം കേരളസമൂഹത്തിന് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം ദുഃഖം പങ്കിടുന്നു.

ധനമന്ത്രി തോമസ് ഐസക്

പൊട്ടിച്ചിരിയുടെയും ഹർഷാരവങ്ങളുടെയും പ്രകമ്പനങ്ങൾക്കു തീകൊളുത്തി കത്തിക്കയറുന്ന ഉഴവൂർ വിജയൻ പ്രസംഗങ്ങൾക്ക് അനേകം തവണ സാക്ഷിയായിട്ടുണ്ട്. കഥകളും ഉപകഥകളും സൂപ്പർതാര ഡയലോഗുകളും സിനിമാപ്പേരുകളുമൊക്കെ തരാതരംപോലെ വാരിവീശി കൈയടി നേടാൻ പ്രത്യേകമായ ഒരു സിദ്ധിതന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. സ്വന്തം പാർടിയുടെ അതിരുകൾക്കപ്പുറത്തേയ്ക്കൊരു സ്വീകാര്യത വാഗ് സാമർഥ്യം കൊണ്ട് ഇതുപോലെ നേടിയെടുത്ത മറ്റൊരു നേതാവില്ല. ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ മതി, ആൾക്കൂട്ടം ഒഴുകിയെത്തുമായിരുന്നു. ആ വാഗ്ധോരണി ഇനി കേൾക്കാനാവില്ല എന്നു വിശ്വസിക്കാൻ പ്രയാസം. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ

ഉഴവൂറിന്റെ ആകസ്മികമായ വേർപ്പാട് ഇടതു രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. സരസമായ വാക്കുകൾകൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിട്ട അദ്ദേഹം എന്നും ഇടത് സഹയാത്രികനായി നിൽക്കാൻ ആഗ്രഹിച്ച വ്യക്തിയാണ്. വേറിട്ട പ്രവർത്തനശൈലിയും പൊതുജനങ്ങളോടുള്ള ഇടപെടലുകളും ഉഴവൂറിന്റെ രാഷ്ട്രീയ ശുദ്ധിയെ തുറന്നുകാട്ടുന്നതാണെന്നും മന്ത്രി അനുസ്മരിച്ചു.

കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി

ഉഴവൂർ വിജയന്റെ ആകസ്മിക നിര്യാണത്തിലൂടെ എനിക്ക് നഷ്ടമായത് ഒരു പ്രിയ സുഹ‍ൃത്തിനെയാണ്. നർമ്മത്തിന്റെ പുറംമോടി ചാർത്തി ഗൗരവമുള്ള വിഷയങ്ങൾ ജനസമക്ഷത്ത് എത്തിച്ച ഉത്തമ പ്രഭാഷകനായിരുന്നു വിജയനെന്നും കെ.എം. മാണി. ഉഴവൂർ വിജയന്റെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായത് മികച്ച പ്രാസംഗികനെയാണെന്ന് ജോസ് കെ.മാണി എംപി

പി.കെ. കുഞ്ഞാലിക്കുട്ടി എംപി

രാഷ്ട്രീയത്തിൽ വ്യത്യസ്തനായ വ്യക്തിയായിരുന്നു ഉഴവൂർ വിജയൻ. വളരെ സരസനും വാഗ്മിയും നേരിൽ കാണുമ്പോൾ പോലും ചിരിപ്പിച്ചിരുന്ന വ്യക്തിയുമാണ്. ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവായിരുന്നു അദ്ദേഹം. ആകസ്മികമായ ഈ മരണം വലിയ നഷ്ടമാണ്.

related stories