Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ട ഭക്ഷണം, സ്വകാര്യ എൽഇഡി ടിവി...; ജയിലിലെ ശശികലയുടെ സുഖ ജീവിതം വെളിപ്പെടുത്തി രൂപ

roopa-dig

ബെംഗളൂരു∙ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരുവിലെ ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറൽ സെക്രട്ടറി ശശികലയ്ക്ക് പ്രത്യേക ടെലിവിഷൻ ഉൾപ്പെടെയുള്ള പരിഗണനകൾ ലഭിച്ചുവെന്ന് ഡിഐജി ഡി. രൂപ. അഞ്ചു സെല്ലുകളിൽനിന്ന് തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവൻ ശശികലയ്ക്ക് അനുവദിച്ചു. പ്രത്യേക കിടക്കയും വിരിയും നൽകി. പ്രത്യേക മുറിയിൽ എൽഇഡി ടിവിയും ശശികലയ്ക്ക് അനുവദിച്ചുവെന്ന് ടെലിവിഷൻ അഭിമുഖത്തിൽ രൂപ പറഞ്ഞു.

ശശികലയ്ക്ക് ജയിലിൽ നൽകിയ പ്രത്യേക പരിഗണനകള്‍ ചൂണ്ടിക്കാണിച്ച് രൂപ നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇവരെ ജയിൽ ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു. പിന്നാലെ, തടവുകാരുടെ യൂണിഫോമിനു പകരം വിലകൂടിയ പട്ടുചുരിദാർ ധരിച്ച്, കയ്യിൽ ഫാൻസി ബാഗുമായി ബെംഗളൂരു പാരപ്പന സെൻട്രൽ ജയിൽ ഇടനാഴിയിൽ ഉലാത്തുന്ന ശശികലയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ജോലിയിൽ പ്രവേശിച്ച് ആദ്യ ദിവസം ജയിലിൽ പോയപ്പോൾ തന്നെ അവിടെ നിയമവിരുദ്ധമായ നിരവധി കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് മനസിലായിരുന്നു. പല പ്രതികൾക്കും കഞ്ചാവ് ഉപയോഗിക്കാൻ ജയിലിൽ അവസരം ലഭിച്ചിരുന്നു. മെഡിക്കൽ പരിശോധനയിലൂടെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഒരിക്കൽ ജയിൽ ഡോക്ടറെ ജയിൽപുള്ളി ആക്രമിച്ചെങ്കിലും അയാൾക്കെതിരെ യാതൊരു നടപടിയുമെടുത്തില്ല. ഇത്തരം വിഷയങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ശശികലയുടെ കാര്യം മാത്രമല്ല ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. പക്ഷെ, മാധ്യമങ്ങൾ അക്കാര്യം മാത്രം ഉയർത്തിക്കൊണ്ടുവന്നു – രൂപ പറഞ്ഞു.

ശശികല അവരുടെ സ്വന്തം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ജയിൽ അടുക്കളയിൽ ശശികലയ്ക്ക് അവരുടെ ഇഷ്ടത്തിന് പ്രത്യേകം ഭക്ഷണം നൽകി. സെല്ലിൽ പ്രത്യേകം എൽഇഡി ടെലിവിഷൻ നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റുതടവുപുള്ളികൾക്കും ഇത് ഉപയോഗിക്കാം എന്നായിരുന്നു മറുപടി. പക്ഷേ, ഒരു പ്രതിക്കു മാത്രമായി ടിവി അനുവദിക്കാറില്ല. 40–60 പേർ വരെയാണ് ഒരു ടിവി ഉപയോഗിക്കുക – രൂപ പറഞ്ഞു.

ശശികലയുടെ ആഡംബരം തീർന്നു

വി.കെ.ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല. പുതുതായി ചുമതലയേറ്റ പ്രിസൺസ് എഡിജിപി എൻ.എസ്.മേഘരിക് ജയിൽ പ്രവർത്തന ചട്ടങ്ങൾ കർശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായത്. സന്ദർശകരെ കാണാൻ പ്രത്യേക മുറിയും ഇഷ്ടഭക്ഷണമൊരുക്കാൻ അടുക്കള സംവിധാനവും ലഭിച്ച്, ഇഷ്ടവേഷം അണിഞ്ഞു ജയിലിലെ വനിതാ സെല്ലിൽ ആത്മകഥാ രചനയിൽ മുഴുകിയിരുന്ന ശശികല ഇതോടെ ജയിൽവേഷമായ വെള്ളസാരിയിലേക്കു മാറി സാധാരണ തടവുകാരിയായി.