Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍ഡിനന്‍സുകള്‍ അവശ്യഘട്ടങ്ങളില്‍ മാത്രം: രാഷ്ട്രപതി

Pranab Mukherjee

ന്യൂഡൽഹി∙ ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയുള്ള ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അവശ്യഘട്ടങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഒാര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടതെന്നു രാഷ്്ട്രപതി വ്യക്തമാക്കി. വിശദമായ ചര്‍ച്ചകളിലൂടെയാണു നിയമനിര്‍മാണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് അംഗങ്ങള്‍ നല്‍കിയ വിടവാങ്ങല്‍ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്താണ് പ്രണബ് മുഖർജി വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയത്. തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലുള്ള അതൃപ്തി പ്രസംഗത്തിന്റെ അവസാനത്തിലാണ് രാഷ്ട്രപതി തുറന്നുപറഞ്ഞത്. പാര്‍ലമെന്‍റില്‍ ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മാണം കുറഞ്ഞുവരികയാണ്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പാര്‍ലമെന്‍റിനെ മറികടന്ന് ഒാര്‍ഡിനന്‍സുകള്‍ ഇറക്കാവൂവെന്നു കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം ഒാര്‍മിപ്പിച്ചു.  

ചരക്ക്–സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനായതു വലിയ നേട്ടമാണ്. തന്നിലെ രാഷ്ട്രീയക്കാരനെ വളര്‍ത്തിയെടുത്തത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നെന്നും പ്രണബ് പറഞ്ഞു. പാര്‍ലമെന്‍റിനെ സമ്പന്നമാക്കിയ പ്രവര്‍ത്തന കാലാവധി പിന്നിട്ടാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതി പദത്തില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു.

എംപിമാര്‍ക്കെല്ലാം അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സുമിത്രാമഹാജന്‍ വ്യക്തമാക്കി. സമാനതകളില്ലാത്ത നേതാവാണ് പ്രണബ് എന്ന് ഉപരാഷ്്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടു. പ്രണബ് മുഖര്‍ജിക്ക് പാര്‍ലമെന്‍റ് അംഗങ്ങളുടെ സ്നേഹോപഹാരം ലോക്സഭാ സ്പീക്കര്‍ കൈമാറി. 

related stories