Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അച്ഛേ ദിൻ’ പരസ്യങ്ങളിൽ മാത്രം; മോദി അധികാരം കേന്ദ്രീകരിക്കുന്നു: ശിവസേന

Modi-Uddhav-Thackeray

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് എൻഡിഎ സഖ്യകക്ഷി ശിവസേന. മോദി സർക്കാർ അവകാശപ്പെട്ടിരുന്ന ‘അച്ഛേ ദിൻ’ കേവലം പരസ്യങ്ങളിൽ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നും ശിവസേന കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. അധികാരം അദ്ദേഹത്തിലേക്കു കേന്ദ്രീകരിക്കുകയാണെന്നും മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ശരിയായ ജനാധിപത്യം തന്നെയാണോ ഇവിടെ നടക്കുന്നത്? എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ചല്ലേ? അദ്ദേഹം അധികാരം കേന്ദ്രീകരിക്കുകയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പഞ്ചായത്തീരാജ് നടപ്പാക്കി അധികാരം താഴേതട്ടിലേക്ക് കൊണ്ടുവന്നിരുന്നു. നോട്ട് അസാധുവാക്കലിനെ തുടർന്ന് 15 ലക്ഷം ആളുകൾക്കു തൊഴിൽ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കൽ ബാധിച്ചു. ഇവയെ നേരിടാൻ എന്തു നടപടിയാണു സർക്കാർ സ്വീകരിച്ചത്– ഉദ്ധവ് ചോദിച്ചു.

ജിഎസ്ടി നടപ്പാക്കിയതിനെയും ശിവസേന കുറ്റപ്പെടുത്തി. ചെക്ക് പോസ്റ്റുകൾ തിരികെ കൊണ്ടുവരണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. ചെക്ക് പോസ്റ്റുകളില്ലെങ്കിൽ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിനെയും ശിവസേന കുറ്റപ്പെടുത്തി. കടങ്ങൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കർഷകരെ ഫഡ്നാവിസ് സർക്കാർ കബളിപ്പിക്കുകയാണ്. ബാങ്കുകൾക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിർദേശം നൽകിയിട്ടില്ലെന്നും ശിവസേന മുഖപത്രം ആരോപിച്ചു.

related stories