Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1971ൽ സംഭവിച്ചതെന്തെന്ന് ഓർക്കൂ: പാക്കിസ്ഥാന് മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു

ന്യൂഡൽഹി ∙ ഭീകരവാദത്തെ ‘ദേശീയ നയം’ പോലെ കണ്ട് പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി മുതിർന്ന ബിജെപി നേതാവും എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയുമായ വെങ്കയ്യ നായിഡു രംഗത്ത്. ബംഗ്ലദേശിന് സ്വതന്ത്ര രാഷ്ട്ര പദവി സമ്മാനിച്ച 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തെക്കുറിച്ച് പാക്കിസ്ഥാൻ ഇടയ്ക്ക് ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് വെങ്കയ്യ നായിഡു മുന്നറിയിപ്പു നൽകി. ഡൽഹിയിൽ ‘കാർഗിൽ പരാക്രം പരേഡി’ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികളെ സഹായിക്കുന്നതും പിന്തുണയ്ക്കുന്നതും ഒരുതരത്തിലും സഹായിക്കില്ലെന്ന് നമ്മുടെ അയൽക്കാർ ഓർമിച്ചാൽ നന്ന്. 1971ലെ യുദ്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാമല്ലോ. മനുഷ്യകുലത്തിന്റെ ശത്രുവാണ് ഭീകരവാദം. ഇതിന് പ്രത്യേകിച്ചു മതമില്ല. എന്നാൽ, ഭീകരവാദത്തെ മതവുമായി കൂട്ടിക്കലർത്താനാണ് പാക്കിസ്ഥാന്റെ ശ്രമം. നിർഭാഗ്യവശാൽ ഭീകരവാദത്തിനു പിന്തുണ നൽകുന്നത് അവരുടെ ദേശീയ നയമായി മാറിയിരിക്കുന്നു – വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ പാക്ക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലാണ് വെങ്കയ്യ നായിഡു മുന്നറിയിപ്പുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.