Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച സംഭവത്തിൽ സൂക്ഷ്മമായ ആസൂത്രണം, ഗൂഢാലോചന: ഹൈക്കോടതി

dileep

കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. അപൂർവമായ കേസാണിതെന്നും ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകളുണ്ടാകാറില്ല. അതിനാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി, പത്തു പേജുള്ള വിധിന്യായമാണ് വായിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ടായിരുന്നു ജാമ്യാപേക്ഷ തള്ളാനുള്ള ഹൈക്കോടതിയുടെ തീരുമാനം.

കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ

∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു.
∙ അപൂർവവും ഗുരുതരവുമായ കുറ്റകൃത്യമാണിത്.
∙ ഗൂഢാലോചനയിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന കൃത്യമായ സാഹചര്യ തെളിവുകളുണ്ട്.
∙ ഒളിവിലുള്ള ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.
∙ കേസിലുൾപ്പെട്ട അഭിഭാഷകനെ വിശദമായി ചോദ്യം ചെയ്യണം.
∙ ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും കണ്ടെത്താനായിട്ടില്ല.
∙ സ്ത്രീക്കെതിരെ ക്രൂരമായ കുറ്റകൃത്യം നടന്നു.

∙ ദൃശ്യങ്ങൾ പുറത്തുവന്നാൽ ഇരയുടെ ജീവനുപോലും ഭീഷണി. ഈ സാഹചര്യത്തിൽ ജാമ്യം നൽകാനാകില്ല.
∙ വളരെ ആസൂത്രിതമായി നടപ്പാക്കിയ സവിശേഷമായൊരു കേസാണിത്.
∙ കൃത്യം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സൂക്ഷ്മമായ നടപടികളാണെടുത്തത്.
∙ വ്യക്തിവിരോധത്തിൽനിന്ന് ഒരു സ്ത്രീക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവമാണിത്.
∙ ചലച്ചിത്ര രംഗത്തെ ഉന്നതനാണ് ദിലീപ്.
∙ ചലച്ചിത്രരംഗത്തുനിന്നുള്ള സാക്ഷികളാണ് കേസിലധികവും.
∙ ജാമ്യമനുവദിച്ചാൽ അവരെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

∙ മൊബൈലും മെമ്മറി കാർഡും പുറത്തുപോയാൽ പ്രത്യാഘാതം വലുതാകും.
∙ പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.

related stories