Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുക്കുഷിമയിലെ റിയാക്ടറുകളിൽ ആണവ ഇന്ധനം ഉരുകിയ നിലയിൽ– ചിത്രങ്ങൾ

fukushima റോബോട്ടിന്റെ പരിശോധനയിൽ ഉരുകിയൊലിച്ചനിലയിൽ കണ്ടെത്തിയ ആണവ ഇന്ധനം.

ടോക്കിയോ∙ 2011ലെ സൂനാമിയിൽ തകർന്നടിഞ്ഞ ജപ്പാനിലെ ഫുക്കുഷിമ ആണവ പ്ലാന്റിൽ യന്ത്രമനുഷ്യനെ ഉപയോഗിച്ചു നടത്തിയ പരിശോധനയുടെ ചിത്രങ്ങൾ പുറത്തുവന്നു. തകർന്ന മൂന്ന് റിയാക്ടറുകളിലൊന്നിൽ ഉരുകിയ ആണവ ഇന്ധനം കണ്ടെത്തി. മൂന്നു ദിവസം നീണ്ട പരിശോധനയാണ് റിമോട്ട് നിയന്ത്രിത ലിറ്റിൽ സൺഫിഷ് എന്ന റോബോട്ടിനെ ഉപയോഗിച്ച് നടത്തിയത്. യൂണിറ്റ് 3 റിയാക്ടറിലെ പരിശോധന ശനിയാഴ്ച അവസാനിച്ചു. കണ്ടെത്തലുകൾ വിശദമായി പഠിക്കേണ്ടതുണ്ടെന്നും എന്നാൽ പ്രാഥമിക വിലയിരുത്തലിൽ ചിത്രങ്ങളിൽ കാണുന്നത് ഉരുകിയൊലിച്ച ലോഹങ്ങളും ആണവ ഇന്ധനവും ആണെന്നും ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (ടെപ്കോ) അറിയിച്ചു.

fukushima-1 റോബോട്ടിന്റെ പരിശോധനയിൽ ഉരുകിയൊലിച്ചനിലയിൽ കണ്ടെത്തിയ ആണവ ഇന്ധനം. ചിത്രത്തിനു കടപ്പാട്: എഎഫ്പി, ട്വിറ്റർ.

കണ്ടെത്തൽ ശരിയാണെങ്കിൽ ഫുക്കുഷിമ പ്ലാന്റിനെ ശുദ്ധീകരിച്ചെടുക്കാനു‌ള്ള പ്രക്രിയയിൽ നിർണായക നിമിഷമാകുമിത്. നിലയം പൂർണമായും ഡീകമ്മിഷൻ ചെയ്യുന്നതിന് ഈ ആണവ ഇന്ധനം ഉൾപ്പെടെയുള്ളവ കൃത്യമായി കണ്ടെത്തി നീക്കം ചെയ്യണം. ഇതിനായി ഓരോ റിയാക്ടറിനെക്കുറിച്ചും വ്യക്തമായി പഠിക്കുകയും അവയുടെ ഉള്ളിലുള്ള ആണവ ഇന്ധനത്തിന്റെ കൃത്യമായ കണക്കെടുക്കുകയും വേണം. നിലവിലെ പദ്ധതി പ്രകാരം 40 വർഷമെങ്കിലുമെ‌ടുത്തേ ആണവ നിലയം വൃത്തിയാക്കാനാകൂ. ഇതിന് 70 ബില്യൺ യുഎസ് ഡോളറിലധികം വേണ്ടിവരും. ഉരുകിയൊലിച്ച ഇന്ധനം, റിയാക്ടറുകളെ അത്രമേൽ റേഡിയോ ആക്ടീവ് ആക്കിയിരിക്കുകയാണ്. അതായത്, മനുഷ്യർ ആ റിയാക്ടറിനു സമീപത്തെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ കൊല്ലപ്പെടും.

ഉരുകിയൊലിച്ച ആണവ ഇന്ധനത്തിനായുള്ള പരിശോധനകൾക്കു പലവട്ടം തടസ്സം സംഭവിച്ചിരുന്നു. പല ഘട്ടങ്ങളിലും റോബോട്ടുകൾക്കുപോലും റേഡിയോ ആക്ടീവ് വികിരണങ്ങളെ തരണം ചെയ്യാനാകാതെ വന്നിട്ടുമുണ്ട്. റിയാക്ടറുകൾക്കു സമീപമെത്തിയ പല റോബോട്ടുകളും വയറിങ്ങും മറ്റും നശിച്ച് പ്രവർത്തനരഹിതമായ‌‌‌‌െന്ന് ടെപ്കോയുടെ ഫുക്കുഷിമ ഡീകമ്മീഷനിങ് തലവൻ നൗഹിറോ മസൂദ അറിയിച്ചു. ജപ്പാൻ കമ്പനിയായ തോഷിബയും ഒരു സംഘം ആണവ ഗവേഷകരും ചേർന്നാണ് ലിറ്റിൽ സൺഫിഷ് എന്ന റോബോട്ടിനെ നിർമിച്ചത്. ആണവ വികിരണങ്ങളെ തരണം ചെയ്യാൻ ഈ റോബോട്ടിനു സാധിച്ചെന്നു മാത്രമല്ല, പ്രധാനപ്പെട്ട ചിത്രങ്ങൾ നൽകാനും കഴിഞ്ഞു.