Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'റെനിച്ചായന് സ്വാഗതം': ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂലൻസ്റ്റീന് വരവേൽപ്പ്

Kerala-Blasters കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ റെനി മ്യൂലൻസ്റ്റീനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആരാധകർ സ്വീകരണം നൽകിയപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ പരിശീലകൻ റെനി മ്യൂലൻസ്റ്റീന് കൊച്ചിയിൽ ആവേശകരമായ സ്വീകരണം. മുംബൈയിൽനിന്നാണു റെനി നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. മഞ്ഞ ജഴ്സിയണിഞ്ഞും മഞ്ഞക്കൊടികൾ വീശിയും 'മഞ്ഞപ്പട' എന്നെഴുതിയ ബാനറുമായാണ് ആരാധകർ പരിശീലകനെ വരവേറ്റത്.

ബ്ലാസ്റ്റേഴ്സിനും പരിശീലകനും ആർപ്പുവിളിച്ച് ആരാധകർ ഇരുവശത്തായി നിന്നു. ഇതിനു നടുവിലൂടെയാണ് റെനി വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നത്. 'റെനിച്ചായൻ, ഫ്രം ലാൻഡ് ഓഫ് ഓറഞ്ച് ആർമി ടു ലാൻഡ് ഓഫ് യെല്ലോ ആർമി' എന്ന ബാനറും ആരാധകർ കയ്യിൽ കരുതിയിരുന്നു. സ്വീകരണം ഏറ്റുവാങ്ങിയ റെനി സന്തോഷത്തോടെയാണു കൊച്ചിയിലെ താമസസ്ഥലത്തേക്കു യാത്രതിരിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനും സീനിയർ ടീമിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റുമായിരുന്നു റെനി മ്യൂലൻസ്റ്റീൻ എന്ന അൻപത്തിമൂന്നുകാരൻ. മൂന്നരക്കോടിയോളം രൂപയാണു റെനിയുടെ പ്രതിഫലം. ഡച്ചുകാരനായ റെനി മ്യൂലൻസ്റ്റീൻ ടെക്നിക്കൽ സ്കിൽ ഡവലപ്മെന്റ് കോച്ച് എന്ന നിലയ്ക്കാണു മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം എത്തുന്നത്. അതിനു മുൻപ് 2001ൽ യൂത്ത് ടീമിന്റെ ചുമതലയേറ്റു.

2008–09, 2010–11, 2012–13 സീസണുകളിൽ ‘മാൻ യു’ പ്രീമിയർ ലീഗ് നേടിയപ്പോൾ ഫെർഗൂസന്റെ സഹപരിശീലകനായി മ്യൂലൻസ്റ്റീൻ ഉണ്ടായിരുന്നു. യുവേഫ ചാംപ്യൻസ് ലീഗ് നേടിയ 2007–08, ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കിയ 2008 എന്നീ വിജയമുഹൂർത്തങ്ങളിലും മ്യൂലൻസ്റ്റീൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനിയായിരുന്നു. ഇസ്രയേലി പ്രീമിയർ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകപദമൊഴിഞ്ഞാണു ഇപ്പോൾ റെനി കേരളത്തിലേക്കു വരുന്നത്.

സാങ്കേതിക തികവുള്ള കളിക്കാരെയാണ് മ്യൂലൻസ്റ്റീൻ എന്ന കോച്ചിന് ഇഷ്ടം. യുവതാരങ്ങൾക്ക് അവസരം നൽകി അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനാണ് അദ്ദേഹത്തിനു താൽപര്യം.

related stories