Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ഗുജറാത്തിൽ 25,000 പേരെ ഒഴിപ്പിച്ചു, മോദി വ്യോമ നിരീക്ഷണം നടത്തി – ചിത്രങ്ങൾ

Narendra Modi analysing Gujarat's Situation വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തുന്നു

ന്യൂഡൽഹി ∙ കനത്ത മഴയേത്തുടർന്ന് പ്രളയബാധിതമായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. സ്ഥിതിഗതികൾ വിലയിരുത്തിയ മോദി പ്രളയ ബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണവും നടത്തി. പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വിജയ് രൂപാനി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നേരിട്ട് പ്രശ്നങ്ങൾ മനസിലാക്കാൻ മോദി എത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Narendra Modi analysing Gujarat's Situation വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തുന്നു

അതേസമയം, ഗുജറാത്തിലും രാജസ്ഥാനിലും അടുത്ത നാലുദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു നൽകി. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഏതാണ്ട് 25,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തര നടപടികളെടുത്ത ഗുജറാത്ത് സർക്കാരിനെ മോദി അഭിനന്ദിച്ചു.

flood

∙ പ്രളയത്തിൽ രാജസ്ഥാനിൽ രണ്ടു പേര്‍ മരിച്ചു. ജോദ്പൂർ, സിരോഹി, ജലോർ തുടങ്ങിയ സ്ഥലങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണസേന, വ്യോമസേന, ബിഎസ്എഫ്, പൊലീസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നു.

flood കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള ചിത്രം.

∙ വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രളയം ശക്തമായി ബാധിച്ചത്. ബനസ്കാന്ത, സബർകാന്ത, ആനന്ദ്, പഠാൻ വൽസാദ് ജില്ലയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ പ്രളയക്കെടുതിയിലാണ്. സബർമതി നദി കരകവിഞ്ഞൊഴുകുകയാണ്. ഏതാണ്ട് 11,000 ആളുകളെ ബനസ്കാന്ത ജില്ലയിൽ നിന്നു മാത്രം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.

gujarat ഗുജറാത്തിൽ പ്രളയത്തിൽ അകപ്പെട്ടുപോയവരെ വ്യോമസേന ഹെലികോപ്റ്ററിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.

∙ കഴിഞ്ഞ 24 മണിക്കൂറിനിടെ ബനസ്കാന്തയിലെ 12 താലൂക്കുകളിലും പഠാൻ, സബർകാന്ത ജില്ലകളിലും 200 മില്ലി മീറ്റർ മഴയാണ് പെയ്തത്. ബനസ്കാന്തയിലെ ഡൻടിവാഡയിലാണ് ശക്തമായ മഴ പെയ്തത് 463 എംഎം. പാലൻപൂർ (380 എംഎം), വാഗഡം (357 എംഎം), അമിർഗാഡ് (337 എംഎം) ലക്ഷ്നി (305 എംഎം) എന്നിങ്ങനെയാണ് ശക്തമായ മഴ ലഭിച്ച മറ്റു പ്രദേശങ്ങൾ. ചൊവ്വാഴ്ച രാവിലെ മാത്രം ഏതാണ്ട് 400 പേരെ ബനസ്കാന്ത ജില്ലയിൽ നിന്നും രക്ഷിച്ചു.

flood കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള ചിത്രം.

∙ രാജസ്ഥാനിൽ കനത്ത മഴ റോഡ്, റയിൽ ഗതാഗത മേഖലയെ ബാധിച്ചു. ജലോറിലേക്കുള്ള ദേശീയ പാത വെള്ളത്തിൽ മുങ്ങി. സിരോഹിയിൽ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് ദക്ഷിണ രാജസ്ഥാനിലെ ധൻഡിവാഡ, സിപു, ധോരി തുടങ്ങിയ അണക്കെട്ടുകൾ നിറഞ്ഞൊഴുകുകയാണ്.

Nagaland കനത്ത മഴയെ തുടർന്ന് നാഗാലാൻഡിൽ നിന്നുള്ള ചിത്രം.

∙ ദേശീയ ദുരന്ത നിവാരണസേനയുടെ സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാജസ്ഥാനിലും ഗുജറാത്തിലും വ്യോമസേനയുടെ ഹെലികോപറ്റർ രക്ഷാപ്രവർത്തനത്തിനുണ്ട്. ഗുജറാത്തിൽ ഭക്ഷണം എത്തിക്കുന്നതിനും ജനങ്ങളെ വ്യോമമാർഗം രക്ഷപ്പെടുത്താനും വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്.

∙ അഹമ്മദാബാദ്–ഡൽഹി റെയിൽപാതയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

Godavari River നാസിക്കിൽ കനത്ത മഴയെ തുടർന്ന് ഗോദാവരി നദി കരകവിഞ്ഞൊഴുകിയപ്പോൾ വെള്ളത്തിനടിയിലായ ക്ഷേത്രം.

∙ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രളയ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. മൺസൂൺ ആരംഭിച്ചതു മുതൽ ഇതുവരെ ഏതാണ്ട് 70 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായി.

∙ ബംഗാൾ, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്. അസമിൽ മഴയ്ക്ക് കുറവു വന്നിട്ടുണ്ട്.