Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പുതിയ രാഷ്ട്രപതിയുടെ ‘ദയ’ തേടി ജസ്റ്റിസ് കർണൻ

justice-karnan

കൊൽക്കത്ത ∙ ഇന്ത്യയുടെ പതിനാലാമതു രാഷ്ട്രപതിയായി സ്ഥാനമേറ്റ റാം നാഥ് കോവിന്ദിനു മുന്നിൽ ആദ്യ ഹർജിയുമായി എത്തിയതു വിവാദ ജഡ്ജി സി.എസ്. കർണൻ. കോടതിയലക്ഷ്യ കേസിൽ ആറു മാസത്തെ ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട കർണൻ, തടവു ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയുമായാണ് റാം നാഥ് കോവിന്ദിനു മുന്നിലെത്തിയിരിക്കുന്നത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസിൽ, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കൊൽക്കത്ത ഹൈക്കോടതിയിൽ സിറ്റിങ് ജഡ്ജിയായിരിക്കെ ജസ്റ്റിസ് കർണനെ ആറു മാസത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അതെല്ലാം നിരാകരിക്കപ്പെട്ടിരുന്നു. തുടർന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്കു ഹർജി നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണു പുതിയ രാഷ്ട്രപതിക്കു മുന്നിൽ ശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ എത്തിയിരിക്കുന്നത്. കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒന്നരമാസം ഒളിവിലായിരുന്ന ജസ്റ്റിസ് കർണനെ കഴിഞ്ഞ മാസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മേയ് ഒൻപതിനാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കർണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിക്കുമ്പോൾ കൊൽക്കത്തയിൽനിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കർണൻ. പിന്നീട് ഒളിവിൽ പോയ അദ്ദേഹത്തെ കോയമ്പത്തൂരിൽനിന്ന് 15 കിലോമീറ്റർ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സർവകലാശാലയ്ക്കു സമീപത്തെ വീട്ടിൽനിന്നാണു ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. 

സർവീസിൽനിന്നു വിരമിച്ച് എട്ടു ദിവസത്തിനു ശേഷമായിരുന്നു ജസ്റ്റിസ് കർണന്റെ അറസ്റ്റ്. ജൂൺ 12നു വിരമിക്കുമ്പോൾ ഒളിവിലായിരുന്ന അദ്ദേഹത്തിനു കൊൽക്കത്ത ഹൈക്കോടതിയിൽ യാത്രയയപ്പിനുള്ള അവസരവും ലഭിച്ചിരുന്നില്ല. ശിക്ഷ റദ്ദാക്കണമെന്ന കർണന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെ അറസ്റ്റ് അനിവാര്യമാകുകയായിരുന്നു. 1983ൽ തമിഴ്‌നാട് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത കർണൻ, മദ്രാസ് ഹൈക്കോടതി ജഡ്ജിയായി 2009ൽ ആണു നിയമിതനായത്. 

ദലിതനായ തന്നെ സഹജഡ്‌ജിമാർ പീഡ‍ിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാർ അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു വിവാദപുരുഷനായി. 2016 മാർച്ച് 11നാണ് കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയത്.