Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മവിഭൂഷൺ ജേതാവും ശാസ്ത്ര പണ്ഡിതനുമായ പ്രഫ. യശ്പാൽ അന്തരിച്ചു

Professor Yash Pal

ന്യൂഡൽഹി∙ ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിച്ച പ്രമുഖ പണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാൽ (90) നോയിഡയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിന്. അർബുദം ബാധിച്ചിരുന്നെങ്കിലും അദ്ദേഹം അതിൽനിന്നു മോചിതനായിരുന്നു. 2013ൽ പത്മവിഭൂഷണും 1976ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

കോസ്മിക് വികിരണങ്ങൾ, ഹൈ എനർജി ഫിസിക്സ്, ആസ്ട്രോഫിസിക്സ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന വിഷയങ്ങൾ. 2007 മുതൽ 2012 വരെ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) വൈസ് ചാൻസലറായിരുന്നു. ഇന്ത്യൻ ഫിസിക്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനമാനങ്ങളും അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്.

1958ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു പിഎച്ച്ഡി കരസ്ഥമാക്കിയ യശ്പാൽ, ഹൈ എനർജി ഫിസിക്സ്, ആസ്ട്രോ ഫിസിക്സ്, കമ്യൂണിക്കേഷൻ, സയൻസ് പോളിസി, സ്പേസ് ടെക്നോളജി തുടങ്ങിയ മേഖലകളിലാണു വ്യക്തിമുദ്ര പതിപ്പിച്ചത്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രഫസറായിരുന്നു. 1973 – 81 വരെ അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ ഡയറക്ടറും 1983 മുതൽ 1984 വരെ ആസൂത്രണ കമ്മിഷന്റെ ചീഫ് കൺസൾറ്റന്റുമായിരുന്നു. 1984–86ൽ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറിയും 1986–91ൽ യുജിസി ചെയർമാനുമായിരുന്നു.