Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വർഷത്തിനിടെ വർഗീയ അക്രമങ്ങൾ 41% വർധിച്ചു: യുപി, ബംഗാൾ മുന്നിൽ

Protest

ന്യൂഡൽഹി ∙ 2014 മുതൽ 2016 വരെയുള്ള രണ്ടു വർഷത്തിനിടെ രാജ്യത്ത് വർഗീയ അക്രമങ്ങൾ 41 ശതമാനം വർധിച്ചെന്ന് കേന്ദ്രസർക്കാർ. ഉത്തർ പ്രദേശിലും ബംഗാളിലുമാണ് വർഗീയ അക്രമങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. ഇരുസംസ്ഥാനങ്ങളിലും ഏതാണ്ട് 200 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസ്‍രാജ് അഹിർ പാർലമെന്റിനെ അറിയിച്ചു.

ഗോ സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ മർദിച്ചെന്ന സംഭവങ്ങൾക്കെതിരെ സർക്കാർ എന്തുനടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളുടെ കണക്കില്ല. എന്നാൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുക, ജാതി, മതം, നിറം, വർഗം, ജന്മസ്ഥലം തുടങ്ങിയവയുടെ പേരിൽ രാജ്യത്തു നടന്ന അക്രമങ്ങളുടെ പട്ടികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളം, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലും വർഗീയ അക്രമങ്ങളിൽ കാര്യമായ വർധനവ് ഉണ്ടായി. 2014ൽ ഈ സംസ്ഥാനങ്ങളിൽ 26 സംഭവങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, 2016ൽ യഥാക്രമം 65, 46, 39 എന്നിങ്ങനെയാണ് കണക്ക്. യുപിയിൽ 2015ൽ മാത്രം 60 വർഗീയ അക്രമങ്ങൾ നടന്നു. 2016 എത്തിയപ്പോൾ ഇത് 116 ആയി ഉയർന്നു. ബംഗാളിലാണ് ഏറെ ആശങ്ക ഉയർത്തുന്ന രീതിയിൽ വർഗീയ അക്രമങ്ങൾ വർധിക്കുന്നത്. 2014 കേവലം 20 സംഭവങ്ങൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ 2015ൽ ഇത് 18 ആയി കുറഞ്ഞു. എന്നാൽ, 2016 ആയപ്പോൾ ഏതാണ്ട് മൂന്നിരട്ടി വർധിച്ച് 53 ആയി.

2014ൽ കേവലം നാലു വർഗീയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ഉത്തരാഖണ്ഡിൽ 2016ൽ 22 കേസുകളാണ് ഉണ്ടായത്. മറ്റു കണക്കുകൾ ഇങ്ങനെ: ഹരിയാന (2014–3, 2016–16), മധ്യപ്രദേശ് (2014–5, 2016–26), തമിഴ്നാട് (2014–16, 2016–33), തെലങ്കാന (2014–18, 2016–33).

രണ്ടു വർഷത്തിനിടെ വർഗീയ അക്രമങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായത് 16 സംസ്ഥാനങ്ങളിലാണ്. ഇതിൽ ഒൻപതിടത്തും ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. 2014ൽ ഒരു കേസുപോലും റജിസ്റ്റർ ചെയ്യാതിരുന്ന ജാർഖണ്ഡിൽ 2015ൽ ഒൻപതു കേസുകളുണ്ടായി. 2016 ആയപ്പോൾ ഇത് ഒരെണ്ണമായി കുറഞ്ഞുവെന്നാണ് കണക്ക്.

related stories