Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർത്തടിച്ച് ധവാൻ, ക്ഷമയോടെ പൂജാര; ‘ഇരട്ട സെഞ്ചുറി’ മികവിൽ ഇന്ത്യ മൂന്നിന് 399

Dhawan-Pujara ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ചേതേശ്വർ പൂജാരയും മൽസരത്തിനിടെ.

ഗോൾ ∙ ഏകദിന ശൈലിയിൽ തകർത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണർ ശിഖർ ധവാൻ. ചേതോഹരമായ ടെസ്റ്റ് ഇന്നിങ്സുമായി സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാര. ഇന്നിങ്സിന് അടിത്തറയിട്ട് രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (253). പിരിയാത്ത നാലാം വിക്കറ്റിൽ‌‌ രഹാനെയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് പൂജാര വീണ്ടും...

എല്ലാം കൊണ്ടും ടീം ഇന്ത്യ സ്വന്തം പേരിൽ എഴുതിച്ചേർത്ത ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 399 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാൻ, ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സകലെ പുറത്തായപ്പോൾ, 12–ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ പൂജാര ഇന്ത്യൻ പ്രതീക്ഷകളെ തോളിലേറ്റി ക്രീസിൽ തുടരുന്നു. പൂജാര ഇതുവരെ 144 റൺസ് നേടിയപ്പോൾ, 39 റൺസുമായി രഹാനെ കൂട്ടിനുണ്ട്. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 113 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണ് ഇന്നത്തെ 399.

26 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ധവാൻ പുറത്തായതിനു തൊട്ടുപിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും മടങ്ങിയെങ്കിലും പൂജാര–രഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റ് സ്വന്തം പേരിലാക്കിയ നുവാൻ പ്രദീപാണ് ലങ്കൻ നിരയിൽ തിളങ്ങിയ ഏക ബോളർ.

കരിയറിലെ അഞ്ചാം ടെസ്റ്റ് സെ‌‍ഞ്ചുറി കുറിച്ച ധവാൻ, 168 പന്തിൽ 190 റൺസെടുത്താണ് മടങ്ങിയത്. 31 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് ധവാന്റെ ഇന്നിങ്സ്. നങ്കൂരമിട്ട് കളിക്കുന്ന ചേതേശ്വർ പൂജാര 247 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെയാണ് 144 റണ്‍സെടുത്തത്. 94 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെയാണ് രഹാനെ 39 റൺസെടുത്തത്.

സെഞ്ചുറികളിൽ അഞ്ചിൽ നാലും ആദ്യ ടെസ്റ്റിൽ

24–ാം ടെസ്റ്റിലാണ് ധവാൻ അഞ്ചാം സെഞ്ചുറി കുറിച്ചത്. ധവാന്റെ അഞ്ചു സെഞ്ചുറികളിൽ നാലും പരമ്പരയിലെ ആദ്യ ടെസ്റ്റിലാണെന്ന പ്രത്യേകതയുമുണ്ട്. പരമ്പരയിലെ മൂന്നാം മൽസരമായിരുന്ന അരങ്ങേറ്റ ടെസ്റ്റിൽ നേടിയ 187 റൺസ് മാത്രമാണ് ഇതിന് അപവാദം. ടെസ്റ്റ് മൽസരത്തിന്റെ രണ്ടാം സെഷനിൽ ഏറ്റവുമധികം റൺെസടുക്കുന്ന ഇന്ത്യൻ താരമെന്ന അഞ്ചു പതിറ്റാണ്ടു പഴക്കമുള്ള റെക്കോർഡും ധവാൻ തകർത്തു. 1961–62ൽ ഒരു ടെസ്റ്റിന്റെ രണ്ടാം സെഷനിൽ 110 റൺസെടുത്ത പോളി ഉമ്രിഗറിന്റെ റെക്കോർഡാണ് ധവാൻ പഴങ്കഥയാക്കിയത്.

Shikar Dhawan

2016 ജനുവരി മുതലിങ്ങോട്ട് രണ്ടാം വിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് ഇത് എട്ടാം തവണയാണ്. ഈ കാലയളവിൽ രണ്ടാം വിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ടീമും ഇന്ത്യ തന്നെ. അ‍ഞ്ചു സെഞ്ചുറി കൂട്ടുകെട്ടുകളുള്ള ന്യൂസീലൻഡാണ് ഇന്ത്യയ്ക്കു പിന്നിലുള്ളത്.

പാണ്ഡ്യയ്ക്ക് അരങ്ങേറ്റ ടെസ്റ്റ്, അശ്വിന് 50–ാം ടെസ്റ്റും

പനി ബാധിച്ച കെ.എൽ. രാഹുലിനു പകരം തമിഴ്നാട് താരം അഭിനവ് മുകുന്ദിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിന് ഇറങ്ങിയത്. ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത ധവാനും മുകുന്ദും ഇടംകൈയൻമാരാണെന്ന പ്രത്യേകത കൂടിയുണ്ട്. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്. ലങ്കൻ നിരയിൽ ധനുഷ്ക ഗുണതിലകയുടെയും ആദ്യ ടെസ്റ്റാണിത്. ഇന്ത്യൻ താരം ആർ.അശ്വിന്റെ 50–ാം ടെസ്റ്റു കൂടിയാണിത്. പരമ്പരയിലാകെ മൂന്നു ടെസ്റ്റുകളാണുള്ളത്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യും പരമ്പരയുടെ ഭാഗമാണ്.

kohli-pandya അരങ്ങേറ്റം കുറിക്കുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് ടെസ്റ്റ് ക്യാപ് കൈമാറുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി.

ഇന്ത്യയും ശ്രീലങ്കയും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയത് 38 ടെസ്റ്റ് മത്സരങ്ങളിലാണ്. 16 എണ്ണത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നപ്പോൾ, ഏഴെണ്ണത്തിൽ ശ്രീലങ്ക ജയിച്ചു. 15 മത്സരങ്ങൾ സമനിലയിലായി. 1982ൽ ആയിരുന്നു ആദ്യ പരമ്പര. അവസാന പരമ്പര 2015ലും. അതിൽ 2–1ന് ഇന്ത്യ ജയിച്ചു.

related stories