Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാൻ ശ്രമം: യുഎസിനെ വിമർശിച്ച് ചൈന

india-china

ന്യൂഡൽഹി∙ ഇന്ത്യ–ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്തിട്ടുള്ള വിടവ് വലുതാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്. ചൈനയുമായുള്ള തർക്കത്തിൽ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് യുഎസ് മാധ്യമം ലേഖനമെഴുതിയ സാഹചര്യത്തിലാണ് വിമർശനം. സിക്കിം അതിർത്തി പ്രശ്നത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കണമെന്നുകാട്ടി ‘വാഷിങ്ടൻ എക്സാമിനർ’ എന്ന മാധ്യമത്തിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ചൈനയുടെ കയ്യേറ്റങ്ങൾ അവസാനിപ്പിക്കുന്നതിന് ഇന്ത്യയ്ക്കും യുഎസിനും സാധിക്കുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

ലോകത്ത് എവിടെ സംഘർഷമുണ്ടായാലും അവിടെ യുഎസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ, അവർ നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കുന്ന അവസരങ്ങൾ വളരെക്കുറവാണ്. ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്നതിനാണ് ചിലരുടെ ശ്രമമെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു. ഒരു തുള്ളി വിയർപ്പു ചിന്താതെ തന്ത്രപരമായി ലാഭം കൊയ്യാമെന്നാണ് അവർ കരുതുന്നത്. ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം യുദ്ധത്തിലേക്കെത്തുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഗ്ലോബൽ ടൈംസിൽ പറയുന്നു.

ഇന്ത്യയോട് പ്രത്യേക താൽപര്യമാണ് യുഎസിനുള്ളത്. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു പിന്നിൽ യുഎസിന്റെയും സോവിയറ്റ് യൂണിയന്റെയും കരങ്ങളുമുണ്ടായിരുന്നുവെന്നും ഗ്ലോബൽ ടൈംസ് പറയുന്നു. സ്വന്തം പ്രദേശത്തെ സുരക്ഷിതമാക്കുന്നതിൽനിന്ന് ചൈനയെ ആർക്കും പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യ – ചൈന പ്രശ്നങ്ങളിൽ ഇടപെടുന്നതുകൊണ്ട് യുഎസിനു യാതൊരു ഗുണവുമുണ്ടാകില്ലെന്നും ഗ്ലോബൽ ടൈംസ് മുന്നറിയിപ്പു നൽകുന്നു.