Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഒളിയിടം നിലമ്പൂരിൽ: പൊലീസ് പിന്നാലെ

Actor Dileep, Appunni

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മാനേജർ സുനിൽരാജിന്റെ (അപ്പുണ്ണി) ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂർ നാടുകാണിച്ചുരത്തിനു സമീപം തമിഴ്നാട് അതിർത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണു പൊലീസിനു വിവരം ലഭിച്ചത്. ഈ പ്രദേശത്തു മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരിൽ തമ്പടിക്കുന്നുണ്ട്.

കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ പങ്കാളിയാണെന്നു പൊലീസ് സംശയിക്കുന്ന സഹായി സുനിൽരാജ് (അപ്പുണ്ണി) ഒളിവിൽ പോയതു കേസിന്റെ തുടരന്വേഷണങ്ങൾക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. കുറ്റകൃത്യത്തിനു പിന്നിൽ വർഷങ്ങൾ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാൽ പ്രതികൾക്കെതിരെ ഇനിയും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നാണു സൂചന.

അതിനിടെ, നടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നടി കാവ്യാ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം തേവലക്കരയിൽ കഴിഞ്ഞ വർഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയൽവാസികളോടും വളരെ നല്ലരീതിയിലാണു സുനിൽ പെരുമാറിയത്. ഷൂട്ടിങ്ങിനിടയിൽ ദിലീപ്, കാവ്യ എന്നിവരുമായും ഇയാൾ വളരെ അടുപ്പത്തോടെ പെരുമാറി. ‘സുനിക്കുട്ടൻ’ എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടർന്നു തേവലക്കരയിലെത്തി തെളിവുകൾ ശേഖരിച്ചു.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ‌അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യംചെയ്തത്. പ്രാഥമിക ചോദ്യംചെയ്യൽ മാത്രമാണു നടന്നതെന്നാണു വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ, മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയിൽനിന്നു ചോദിച്ചറിഞ്ഞതെന്നാണു സൂചന. 

നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർ‍ഡ് കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യിൽ ഏൽപ്പിച്ചതായി കേസിലെ മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൾസര്‍ സുനി ജയിലിൽനിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമർശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.

related stories