Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ല: കേന്ദ്രസർക്കാർ

INDIA-COURT/PRIVACY

ന്യൂഡൽഹി∙ സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലിക അവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കവെയാണു കേന്ദ്രം നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കു നേരിട്ട് എത്തിക്കാനാണ് ആധാർ കാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരെയുളള ഹര്‍ജികള്‍ പരിഗണിച്ചത്.

സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ല. ഇരു അവകാശങ്ങളും സംബന്ധിച്ച് തർക്കമുണ്ടായാൽ ജീവിക്കാനുള്ള അവകാശത്തിനായിരിക്കും മുൻഗണന. സ്വകാര്യത എന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു വകഭേദമാണ്. ഇതു ജീവിക്കാനുള്ള അവകാശത്തിനു കീഴെയാണു വരുന്നത്. പാവപ്പെട്ടവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനാണ് ആധാർ. ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെയുള്ളവയ്ക്കാണ് ആധാർ, കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു.

അതേസമയം, സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നു നാല് ബിജെപി – ഇതര സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കർണാടകയും ബംഗാളും പഞ്ചാബും പുതുച്ചേരിയുമാണു കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണു നാലു സംസ്ഥാനങ്ങൾക്കുവേണ്ടി കോടതിയെ സമീപിച്ചത്. സ്വകാര്യത സമ്പൂർണമായ അവകാശമല്ല, എന്നാൽ മൗലികാവകാശമാണ്. ഇവയുടെ സന്തുലനാവസ്ഥ കണ്ടെത്തണം, കപിൽ സിബൽ വാദിച്ചു.

ചീഫ് ജസ്റ്റിസിനെക്കൂടാതെ, ജ‍ഡ്ജിമാരായ ജെ. ചലമേശ്വർ, എസ്.എ. ബോബ്ദെ, ആർ.കെ. അഗർവാൾ, റോഹിന്റൺ ഫാലി നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, സഞ്ജയ് കിഷൻ കൗൾ, എസ്. അബ്ദുൽ നസീർ എന്നിവരും ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെടുന്നു.

related stories