Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ കോൺഗ്രസ് ചീഫ് വിപ്പ് ഉൾപ്പെടെ അഞ്ച് എംഎൽ‌എമാർ ബിജെപിയിൽ

mla-gujarat

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച മൂന്ന് എംഎൽഎമാരും വെള്ളിയാഴ്ച രണ്ടു പേരുമാണ് കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തിയത്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ബൽവാന്റ് സിൻഹ് രജ്പുത്, തേജ്ശ്രീബിൻ പാട്ടീൽ, പി.ഐ. പാട്ടീൽ എന്നീ കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിൽ ബൽവാന്റ് സിൻഹ് രജ്പുത് കോൺഗ്രസിനെ നിയമസഭാ ചീഫ് വിപ്പാണ്.

കൂടുതൽ എംഎൽഎമാർ പാർട്ടി വിട്ടതോടെ കോൺഗ്രസ് നേതാവ് അഹമ്മജ് പട്ടേലിന്റെ രാജ്യസഭാ പ്രവേശനം അനിശ്ചിതത്വത്തിലായി. നേരത്തെ ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കർസിങ് വഗേല കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു. വഗേലയുടെ അടുത്ത അനുയായികളാണ് രാജിവച്ച എംഎൽഎമാർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

വ്യക്തിപരമായി തനിക്കെതിരെ കോൺഗ്രസ് പാർട്ടിയിലെ ചിലയാളുകൾ ഉയർത്തുന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന് രാജിവച്ച രജ്പുത് പ്രതികരിച്ചു. കഴിഞ്ഞ 35 വർഷമായി പൊതുപ്രവർത്തനം നടത്തുന്നു. സിദ്ധാപൂരിലെ ജനങ്ങൾക്കറിയാം താൻ പാർട്ടിക്കും അവർക്കും വേണ്ടി എത്രമാത്രം ജോലിചെയ്തുവെന്ന്. വഗേലയുമായി കുടുംബത്തിനുള്ള തന്റെ അടുപ്പത്തെ കോൺഗ്രസിലെ പലരും ചോദ്യം ചെയ്യുന്നുവെന്നത് സങ്കടകരമാണ്. അതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

തേജ്ശ്രീബിൻ പാട്ടീലും കോൺഗ്രസിനെ വിമർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ ജയിക്കണമെന്ന് കോൺഗ്രസിന് അറിയില്ല. അതിനുള്ള ഒരു പ്രവർത്തനവും അവർ നടത്തുന്നില്ല. കഴിഞ്ഞ ഒന്നരവർഷമായി പാട്ടീൽ വിഭാഗത്തിൽപ്പെട്ടവർക്ക് പാർട്ടിയിൽ കൂടുതൽ ഉയർന്ന പദവി നൽകണമെന്ന് ആവശ്യപ്പെടുന്നു. ഒന്നും നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

related stories