Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ കുമരകത്തെ ഭൂമി വാങ്ങിയവരുടെ ‘വഴിയടച്ച്’ കലക്ടറുടെ റിപ്പോർട്ട്

dileep

തിരുവനന്തപുരം∙ നടൻ ദിലീപ് കുമരകത്ത് സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തിൽ കലക്ടർ റിപ്പോർട്ട് നൽകി. മുൻപ് ദിലീപിന്റെ പേരിലുണ്ടായിരുന്ന വസ്തുവിനോടു ചേർന്നു കായലരികത്തുള്ള മൂന്നു സെന്റ് ഭൂമി ആരും കയ്യേറിട്ടില്ലെന്നും ഭാവിയിലെ കയ്യേറ്റം ഒഴിവാക്കാൻ ഭൂമി അതിരുകെട്ടി തിരിക്കണമെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ കലക്ടർ വ്യക്തമാക്കുന്നു. 

2008ൽ ദിലീപ് വാങ്ങിയ ഭൂമി ഒരു കമ്പനിക്കു മറിച്ചുവിറ്റിരുന്നു. കലക്ടറുടെ റിപ്പോർട്ടിനെത്തുടർന്നു ഭൂമി അതിരുകെട്ടി തിരിക്കുന്ന നടപടികൾ സർക്കാർ ആരംഭിച്ചു. ഇതോടെ ദിലീപിന്റെ കയ്യിൽനിന്ന് ഈ ഭൂമി വാങ്ങിയവർ വെട്ടിലായി. 1.33 ഹെക്ടർ (3.28 ഏക്കർ) സ്ഥലമാണു കുമരകത്തു ദിലീപ് വാങ്ങിയത്.

കായലോരത്തായി 54.4 മീറ്റർ വീതിയിൽ കിടക്കുന്ന മൂന്നു സെന്റ് സർക്കാർ സ്ഥലത്തിനു പുറകിലായാണു വസ്തു. ഇവിടേക്കു സർക്കാർ ഭൂമിയിലൂടെയല്ലാതെ പ്രവേശിക്കാൻ വഴികളില്ല. സർക്കാർ പുറമ്പോക്കായ മൂന്നു സെന്റ് വസ്തു സ്വന്തം ഭൂമിയോടു ചേർത്താൽ വിശാലമായ പ്ലോട്ടായി മാറുമെന്ന ചിന്തയിലാണു ദിലീപ് വസ്തു വാങ്ങിയതെന്നു റവന്യൂവകുപ്പിനു പരാതി നൽകിയവർ ആരോപിക്കുന്നു. 

നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട വിഷയം ഉണ്ടാകുന്നതിനു മുൻപാണു ദിലീപ് ഈ വസ്തു മുംബൈ ആസ്ഥാനമായ ഒരു കമ്പനിക്കു മറിച്ചുവിറ്റത്. സർക്കാർ പുറമ്പോക്കായ മൂന്നു സെന്റ് പിന്നീട് കൂട്ടിച്ചേർക്കാൻ കഴിയുമെന്നും ഇതിലൂടെ വസ്തുവിലേക്കു പ്രവേശിക്കാൻ വിശാലമായ വഴി ലഭിക്കുമെന്നുമുള്ള ഉറപ്പിലായിരുന്നു കച്ചവടം നടന്നത്.

എന്നാൽ, ഈ മൂന്നു സെന്റ് പുറമ്പോക്ക് വേലികെട്ടി തിരിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ദിലീപിൽനിന്നു വസ്തു വാങ്ങിയവർ ഇവിടേക്കു പ്രവേശിക്കാൻ കഴിയാതെ പ്രതിസന്ധിയിലായി. വസ്തുവിന്റെ ബിസിനസ് സാധ്യതകളും മങ്ങി. 

ദിലീപ് ഭൂമി വിൽപ്പന നടത്തിയ സ്ഥലത്തു സർവേ സൂപ്രണ്ടും അഡീ. തഹസിൽദാരും പരിശോധന നടത്തിയിരുന്നു. സർക്കാർ സ്ഥലം കയ്യേറി കമ്പനിക്കു മറിച്ചുവിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കലക്ടർ സർക്കാരിനു റിപ്പോർട്ടു നൽകിയത്. 

related stories