Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോക് ലാ: ഡോവൽ ചൈനീസ് പ്രതിനിധിയുമായി ‘പ്രധാന പ്രശ്നങ്ങൾ’ ചർച്ച ചെയ്തു

Ajit Doval,Yang Jiechi ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയ്ക്കൊപ്പം (ഫയൽ ചിത്രം)

ബെയ്ജിങ് ∙ ബ്രിക്സ് സമ്മേളനവുമായി ബന്ധപ്പെട്ടു ബെയ്ജിങ്ങിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധത്തിലെ ‘പ്രധാന പ്രശ്നങ്ങൾ’ ഇരുവരും ചർച്ച ചെയ്തെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരുമാസത്തിലധികമായി സിക്കിമിലെ ദോക് ലാ മേഖലയിൽ ഇരുസൈന്യവും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ – ചൈന അതിർത്തിപ്രശ്നം ചർച്ച ചെയ്യുന്ന പ്രത്യേക പ്രതിനിധികളാണ് ഇരുവരും.

എന്നാൽ, അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നം ചർച്ചയായോ എന്ന് വ്യക്തമായി ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ ഉന്നത സുരക്ഷാ പ്രതിനിധികളുമായും യാങ് ജിയേഷി കൂടിക്കാഴ്ച നടത്തിയെന്ന് ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉഭയകക്ഷി ബന്ധം, രാജ്യാന്തര–അതിർത്തി പ്രശ്നങ്ങൾ, മറ്റു പ്രധാന വിഷയങ്ങൾ എന്നിവ ചർച്ചയായെന്ന് റിപ്പോർട്ടിൽ പറയുന്നു. സിക്കിം വിഷയം ചർച്ച ചെയ്തുവെന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ ‘പ്രധാന പ്രശ്നങ്ങൾ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിക്കിം സംഘർഷമാണെന്നാണ് വിദഗ്ധർ കരുതുന്നത്.

ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഡോവൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ വെള്ളിയാഴ്ച കാണും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷസ്ഥാനം ചൈനയ്ക്കാണ്. ഇതിന്റെ ഭാഗമായാണു കൂടിക്കാഴ്ച. ബുധനാഴ്ചയാണ് ഡോവൽ ചൈനയിൽ എത്തിയത്.

ദോക് ലാ പ്രദേശത്തുനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാതെ ചർച്ച സാധ്യമല്ലെന്നാണു ചൈനയുടെ നിലപാടെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾക്ക് ഇതു തടസ്സമാകില്ലെന്നാണു സൂചന. സിക്കിം മേഖലയിലെ ദോക് ലായിൽ ഒരുമാസത്തിലധികമായി ഇന്ത്യ – ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. ദോക് ലായിലെ ചൈനയുടെ റോഡുനിർമാണം ഇന്ത്യ തടഞ്ഞതാണു സംഘർഷങ്ങൾക്കു തുടക്കം.

related stories