Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നലിംഗക്കാർക്കു ഇനി അമേരിക്കൻ സൈന്യത്തിൽ ജോലിയില്ല: പ്രസിഡന്റ് ട്രംപ്

us-army ഭിന്നലിംഗക്കാരെ ഒഴിവാക്കാനുള്ള ‌ട്രംപിന്റെ തീരുമാനത്തിനെതിരെയുണ്ടായ പ്രതിഷേധത്തിൽനിന്ന്

വാഷിങ്ടൻ∙ ഭിന്നലിംഗക്കാര്‍ക്ക് ഇനി അമേരിക്കന്‍ സൈന്യത്തില്‍ ജോലിയില്ലെന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൈനിക മേധാവികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് പുതിയ തീരുമാനം. ഭിന്നലിംഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും സൈന്യത്തിനു ഗുണപരമാവില്ലെന്നും ട്രംപ് നിലപാടെടുത്തു. ട്വിറ്ററിലൂടെയാണ് ട്രംപ് നിലപാടറിയിച്ചത്.

ഭിന്നലിംഗക്കാരുടെ നിരന്തരമായ ആരോഗ്യ പ്രശ്നങ്ങളും മറ്റു തര്‍ക്കങ്ങളും സൈന്യത്തില്‍ അനുവദിക്കാനാവില്ലെന്ന് പ്രസിഡന്‍റ് പറയുന്നു. വിജയം മാത്രം ലക്ഷ്യമാക്കിയുള്ള സേനയ്ക്ക് ഇതു ഗുണകരമാവില്ല, അദ്ദേഹം വ്യക്തമാക്കി.

ഭിന്നലിംഗക്കാര്‍ക്കുവേണ്ടി മുൻ പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ സുപ്രധാന പദ്ധതിയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. പതിനായിരത്തിനടുത്തു ഭിന്നലിംഗക്കാരാണു നിലവില്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നു ഭിന്നലിംഗക്കാരുടെ സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍ തീരുമാനം തിടുക്കത്തില്‍ നടപ്പാക്കില്ലെന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് അറിയിച്ചു. യുദ്ധരംഗത്തുള്ളവരെ തിരിച്ചുവിളിക്കുമോ എന്ന ചോദ്യത്തിനു തീരുമാനം സൈന്യത്തിന്‍േതാണ് എന്നായിരുന്നു വക്താവിന്‍റെ മറുപടി.

അതേസമയം, പ്രസിഡന്‍റിന്റെ പ്രഖ്യാപനത്തിനെതിരെ രാജ്യത്തു പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. റഷ്യന്‍ ബന്ധവും ഒബാമ കെയറുമുണ്ടാക്കിയ വിവാദങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനാണു പുതിയ നീക്കമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, ഭിന്നലിംഗക്കാരോട് അനുഭാവമുണ്ടെന്നു പ്രചാരണവേളയില്‍ പറഞ്ഞെങ്കിലും തന്‍റെ ഉറച്ച അനുയായികളായ യാഥാസ്ഥിതികരെ പ്രീണിപ്പിക്കാണു ട്രംപിന്‍റെ ശ്രമമെന്നും സൂചനയുണ്ട്.