Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനം: ഇന്ത്യൻ കയർ കമ്പനിക്ക് 'ചാകര'

Narendra Modi and Benjamin Netanyahu

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ ആദ്യ ഗുണഫലം കയർ കമ്പനിക്ക്. ഇന്ത്യയിലെ പ്രമുഖ വ്യവസായിക കയർ നിർമ്മാണ കമ്പനി ഗാർവയർ വാൾ റോപ്സിനാണു കോളടിച്ചത്. ഇസ്രയേലിന്റെ ബഹിരാകാശ വിഭാഗമായ എയ്റോ–ടിയുമായി വ്യവസായിക ഇടപാടിനു കമ്പനി ഒപ്പുവച്ചു.

ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഏഴു കരാറുകളിൽ ഒപ്പിട്ടിരുന്നു. മൂന്ന് ബഹിരാകാശ കരാറുകളിലും രണ്ട് ജല കരാറുകളിലും നൂതനസാങ്കേതിക വിദ്യ, കൃഷി മേഖലകളിൽ ഓരോ കരാറിലുമാണ് ഒപ്പിട്ടത്. ഇതിന്റെ തുടർച്ചയാണു ഗാർവയർ കമ്പനിക്കു ലഭിച്ച വലിയ അവസരം.

ഇന്ത്യയിൽ വ്യവസായിക കയറും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന മുൻനിര കമ്പനിയാണു പൂണെ ആസ്ഥാനമായുള്ള ഗാർവയർ. ഇസ്രയേലിന്റെ റഡാർ ഉപകരണങ്ങളെ കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്നു രക്ഷിക്കുന്ന കവചമാണ് കമ്പനി പ്രധാനമായും നിർമ്മിക്കുക. ഇതുകൂടാതെ എയ്‍റോ–ടിക്കു വേണ്ടി നിരീക്ഷണ ബലൂണുകൾ (എയ്റോ‍സ്റ്റാറ്റ്സ്) നിർമ്മിക്കാനും പദ്ധതിയുണ്ടെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഷുജാവുൽ റഹ്മാൻ പറഞ്ഞു.

Garware

15,000 അടി ഉയരത്തിൽ നിരീക്ഷണം നടത്താവുന്ന അത്യാധുനിക ഉപകരണമാണ് എയ്റോ‍സ്റ്റാറ്റ്സ്. ഇതിനുവേണ്ട സാമഗ്രികൾ ഉൽപാദിപ്പിക്കുക ഗാർവയർ ആയിരിക്കും. എത്ര രൂപയുടെ ഇടപാടാണെന്നു കമ്പനി പുറത്തുവിട്ടിട്ടില്ല. കോടിക്കണക്കിനു രൂപയുടെ കരാറായിരിക്കുമെന്നാണു വ്യവസായ വിദഗ്ധരുടെ നിഗമനം.

ഇന്ത്യയുടെ പ്രതിരോധ പരീക്ഷണ കേന്ദ്രമായ ഡിആർഡിഒ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണു ഗാർവയറിന്റെ പ്രവർത്തനം. കയർ ഉൽപ്പാദനത്തിൽനിന്നു ഗാർവയർ പ്രതിരോധ മേഖലയിലേക്കു കടക്കുമ്പോൾ ഇന്ത്യയ്ക്കും അതിന്റെ ഗുണങ്ങൾ ലഭിക്കും. ചെലവു കുറഞ്ഞതും നിലവാരം ഉയർന്നതുമായ സേവനങ്ങൾ‌ ലഭ്യമാക്കാൻ ഗാർവയറിനു സാധിക്കുമെന്ന് എയ്റോ–ടി സിഇഒ റാമി ഷ്മേലി പറഞ്ഞു.

കപ്പലുകളിൽ ഉപയോഗിക്കുന്ന പോളിമർ കയറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരാണ് ഗാർവയർ. 75 രാജ്യങ്ങളിൽ പലവിധ ആവശ്യങ്ങൾക്കു കമ്പനിയുടെ കയറുൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. മീൻപിടിത്ത വല മുതൽ കായിക സാമഗ്രികൾ വരെ നിർമ്മിച്ചു കയറ്റുമതി ചെയ്യുന്നു. 1978ൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ്.

related stories