Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി: ലാലുവിനെതിരെ എൻഫോഴ്സ്മെന്റും കേസെടുത്തു

Lalu Prasad Yadav with wife Rabri Devi

ന്യൂഡൽഹി ∙ റെയിൽവേ ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് റജിസ്റ്റർ ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് കേസ്. നിതീഷ് കുമാർ എൻഡിഎയെ കൂട്ടുപിടിച്ച് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. സമാനസംഭവത്തിൽ ലാലുവിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തിരുന്നു.

ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻമുഖ്യമന്ത്രിയുമായിരുന്ന റാബറി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ പ്രേംചന്ദ് ഗുപ്‌തയുടെ ഭാര്യ സരള ഗുപ്‌ത, പട്‌നയിലെ സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർമാരായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ, മുൻ ഐആർസിടിസി മാനേജിങ് ഡയറക്‌ടർ പി.കെ.ഗോയൽ എന്നിവർക്കെതിരെയാണ് സിബിഐ കേസെടുത്തിരുന്നത്.

കേസിന് ആധാരമായ സംഭവം

ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004–2009 കാലഘട്ടത്തിൽ, റെയിൽവേയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടലുകളുടെ നടത്തിപ്പും മേൽനോട്ടവും സുജാത ഗ്രൂപ്പിനു പാട്ടത്തിനു കൈമാറിയതിൽ അഴിമതി നടന്നെന്നും പ്രത്യുപകാരമായി ലാലു കുടുംബത്തിനു കോടികൾ വിലമതിക്കുന്ന സ്‌ഥലം ലഭിച്ചെന്നുമാണ് ആരോപണം. ഹോട്ടലുകൾ ആദ്യം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനു (ഐആർസിടിസി) കൈമാറുകയും പിന്നീടു ടെൻഡറിൽ ക്രമക്കേടു നടത്തി സുജാത ഗ്രൂപ്പിനു നൽകിയെന്നുമാണു സിബിഐ ആരോപിക്കുന്നത്.

ഹോട്ടലുകൾ അനുവദിച്ചുകിട്ടിയതിനു പ്രത്യുപകാരമായി പട്‌നയിലെ കണ്ണായ സ്‌ഥലത്തു മൂന്നേക്കർ സ്‌ഥലം ഡിലൈറ്റ് മാർക്കറ്റിങ് കമ്പനിക്കു സുജാത ഗ്രൂപ്പിന്റെ ഡയറക്‌ടർ വിനയ് കൊച്ചാർ 1.47 കോടി രൂപയ്‌ക്കു കൈമാറിയെന്നു സിബിഐ കണ്ടെത്തി. സരള ഗുപ്‌ത ഡയറക്‌ടറായ ഡിലൈറ്റ് മാർക്കറ്റിങ് കമ്പനി, ലാലു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ലാറ പ്രോജക്‌ട്‌സ് ലിമിറ്റഡിനു താമസിയാതെ ഈ സ്‌ഥലം തുച്‌ഛവിലയ്‌ക്കു കൈമാറിയെന്നും സിബിഐ ആരോപിക്കുന്നു. സ്‌ഥലത്തിനു നിലവിൽ 94 കോടി രൂപ വിsലമതിക്കുമെന്നാണു കണക്കാക്കുന്നത്.