Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാനമ അഴിമതിക്കേസ്: പാക്ക് പ്രധാനമന്ത്രി ഷരീഫിനെ കോടതി അയോഗ്യനാക്കി

Nawaz Sharif

ഇസ്‍ലാമാബാദ് ∙ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സാഹചര്യത്തിൽ നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. തുടർന്ന് സ്ഥാനമൊഴിയാൻ ഷരീഫിനു നിർദ്ദേശം നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജി.

പാക്ക് രാഷ്ട്രീയത്തെ ഇളക്കിമറിച്ച പാനമ അഴിമതിക്കേസിലാണു നവാസ് ഷരീഫ് കുറ്റക്കാരനാണെന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ കോടതി ശരിവച്ചു. ഷരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്തു വിചാരണ ചെയ്യണമെന്നും ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി.

1990കളിൽ പാക്ക് പ്രധാനമന്ത്രിയായിരിക്കെ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണു പുറത്തുവന്നത്. എന്നാൽ, കള്ളപ്പണ ഇടപാടു നടത്തിയിട്ടില്ലെന്നു നിലപാടെടുത്ത് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയാണു ഷരീഫിനു വിനയായത്. ഷരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.

ഇതേത്തുടർന്നു കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി (ജെഎടി) ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം പത്തിന് 10 വാല്യങ്ങളുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഷരീഫിന്റെ മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അഴിമതിപ്പണംകൊണ്ടു ഷരീഫിന്റെ മക്കൾ ലണ്ടനിൽ സ്വത്തു സമ്പാദിച്ചെന്നും 2016 ഏപ്രിൽ അഞ്ചിനു രാജ്യത്തോടും മേയ് 16ന് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിൽ ഇക്കാര്യം മറച്ചുവച്ചു കള്ളം പറഞ്ഞെന്നുമാണു പനാമ ഗേറ്റ് വെളിപ്പെടുത്തലുകളെ തുടർന്നു സുപ്രീംകോടതിയെ സമീപിച്ച ഹർജിക്കാർ ആരോപിച്ചത്. 2016 നവംബർ മൂന്നിനാണു ഹർജി നൽകിയത്.

അഴിമതിപ്പണം കൊണ്ടു പ്രധാനമന്ത്രിയുടെ മക്കൾ ലണ്ടനിൽ നാല് അപ്പാർട്മെന്റുകൾ വാങ്ങിയെന്നതാണു പാനമ രേഖകളിലെ പ്രധാന വെളിപ്പെടുത്തൽ. ഇക്കാര്യം അന്വേഷിക്കുന്നതിന് ഏപ്രിൽ 20നു സുപ്രീം കോടതി സംയുക്ത അന്വേഷണസംഘത്തെ നിയോഗിച്ചു. പാക്ക് സൈന്യത്തിലെയും ചാരസംഘടനയിലെയും ഉന്നതർ അടങ്ങുന്ന ജെഎടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഇപ്പോഴത്തെ കോടതി വിധി.