Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ.എസ്.വിനോദിനെ തിരിച്ചെടുത്ത ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കും

trivandrum-rs-vinod ആർ.എസ്. വിനോദ്

തിരുവനന്തപുരം ∙ ആര്‍എസ്എസ് ഇടപെട്ട് പുറത്താക്കിയ ആര്‍.എസ്. വിനോദിനെ തിരിച്ചെടുക്കാൻ മുൻകൈയെടുത്ത മൂന്നു ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രനേതൃത്വം. പാര്‍ട്ടിയിലെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി പുറത്താക്കിയ വിനോദിനെ എന്തിനു തിരിച്ചെടുത്തെന്ന് ആര്‍എസ്എസ് നേതൃത്വം വിശദീകരണം തേടി. വിനോദിനെ സഹകരണ സെല്‍ കണ്‍വീനറാക്കിയത് തെറ്റായിപ്പോയെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. മെഡിക്കൽ കോളജിനു കോഴ വാങ്ങിയ സംഭവത്തിൽ മുഖ്യ ആരോപണ വിധേയനാണ് ആർ.എസ്. വിനോദ്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ മൂന്ന് നേതാക്കളോടാണ് ദേശീയ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍റെ ഒത്താശയോടെയാണ് ആർ.എസ്. വിനോദിനെ തിരിച്ചെടുത്തതെന്നാണ് ആര്‍എസ്എസിന്‍റെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാന ചുമതല വഹിക്കുന്ന നേതാക്കളും വിനോദിനെ തിരിച്ചെടുക്കാന്‍ കരുക്കള്‍ നീക്കി. വീഴ്ചവരുത്തിയ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് ആര്‍എസ്എസ് നിര്‍ദേശം നല്‍കി.

മാഫിയാ ബന്ധങ്ങളുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ട നേതാക്കളെ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ആര്‍എസ്എസ് നിരീക്ഷിച്ചു. സംസ്ഥാന നേതൃത്വത്തിലെ കടുത്ത വിഭാഗീയതയാണ് ഇതിനു പിന്നിലെന്നും ആര്‍എസ്എസ് കരുതുന്നു. അഴിമതിക്കും വിഭാഗീയതയ്ക്കും കുടപിടിക്കുന്ന നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് ആര്‍എസ്എസിന്‍റെ നിര്‍ദേശം.

related stories