Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 കോടി വീതം ‘ഓഫർ’, ജീവനു ഭീഷണി: ബിജെപിക്കെതിരെ കോൺഗ്രസ് എംഎൽഎമാർ

Gujarat-Congress-MLAs ബെംഗളൂരുവിൽ കഴിയുന്ന ഗുജറാത്ത് എംഎൽഎമാരെ അണിനിരത്തി കോൺഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിൽനിന്ന്. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ബെംഗളൂരു ∙ ബിജെപി നേതാക്കളുടെ ഭീഷണി മൂലമാണു ഗുജറാത്ത് വിട്ടതെന്നു ബെംഗളൂരുവിലെ ആഢംബര റിസോർട്ടിൽ ‘ഒളിവിൽ’ കഴിയുന്ന കോൺഗ്രസ് എംഎൽഎമാർ. സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപി അധികാരമുപയോഗിച്ചു തങ്ങളെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തി പാർട്ടി മാറാൻ നിർബന്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതെയാണു ഗുജറാത്തിൽനിന്നു പോന്നതെന്നു പ്രതിപക്ഷ എംഎൽഎമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണു കോൺഗ്രസ് എന്നും ബെംഗളൂരുവിലുള്ള എംഎൽഎമാരിൽ ഒരാളായ ശക്തിസിൻഹ് ഗോഹിൽ വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള ബിജെപിയുടെ ശ്രമം ധാർമികതയ്ക്കു നിരക്കുന്നതല്ല. തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നു ബിജെപി നേതാക്കൾ ഉറപ്പുതന്നാൽ, ഒരു മിനിറ്റു പോലും ബെംഗളൂരുവിൽ കഴിയാൻ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിൽ കഴിയുന്ന 44 എംഎൽഎമാരെയും അണിനിരത്തി കോൺഗ്രസ് നടത്തിയ വാർത്താസമ്മേളനത്തിലാണു ബിജെപി നേതൃത്വത്തിനെതിരെ കോൺഗ്രസ് എംഎൽഎമാർ ആഞ്ഞടിച്ചത്. തങ്ങളിൽ 22 പേരെ അടർത്തിയെടുക്കാനാണു ബിജെപി ശ്രമിച്ചതെന്നും ഇതിനായി ഓരോരുത്തർക്കും 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തിരുന്നെന്നും എംഎൽഎമാർ വെളിപ്പെടുത്തി. വഴങ്ങാതിരുന്ന എംഎൽഎമാരെയും അവരുടെ കുടുംബാംഗങ്ങളെയും ബിജെപി ഭീഷണിപ്പെടുത്തുന്നതായും കോൺഗ്രസ് ആരോപിച്ചു.

എംഎൽഎമാരെ ‘ഒളിപ്പിക്കാൻ’ ദിവസേന ചെലവ് 4.5 ലക്ഷം

ബിജെപിയിലേക്കു ചേക്കേറുന്ന കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം വർധിച്ചതിനു പിന്നാലെയാണു ബാക്കിയുള്ള എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം ഇടപെട്ടു ബെംഗളൂരുവിലേക്കു മാറ്റിയത്. നഗരത്തിലെ ആഢംബര റിസോർട്ടില്‍ കഴിയുന്ന എംഎല്‍എമാരെ മൈസൂരുവിലേക്കോ മടിക്കേരിയിലേക്കോ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍പേര്‍ പാര്‍ട്ടി വിടുമെന്ന സൂചനയെത്തുടര്‍ന്നാണു കോണ്‍ഗ്രസ് എംഎല്‍എമാരെ അഹമ്മദാബാദില്‍നിന്നു ബെംഗളൂരുവില്‍ എത്തിച്ചത്. കനത്ത സുരക്ഷയാണു റിസോര്‍ട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ മൂന്ന് ആഡംബര റിസോര്‍ട്ടുകളിലായാണു ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎൽഎമാരെ പാര്‍പ്പിച്ചിരിക്കുന്നത്. 30 പേര്‍ രാമനഗര ജില്ലയിലെ ബിഡദിയിലും ബാക്കിയുള്ളവരെ തുംകൂരു റോഡിലെയും ദേവനഹള്ളിയിലെയും റിസോട്ടുകളിലുമാണു പാർപ്പിച്ചിരിക്കുന്നത്. എണ്ണായിരം മുതല്‍ പതിനായിരം രൂപവരെയാണു റിസോര്‍ട്ടുകളിലെ പ്രതിദിന വാടക. മറ്റു ചെലവുകള്‍ ഉള്‍പ്പടെ നാലര ലക്ഷത്തോളം രൂപയാണ് ഒരു ദിവസം എംഎല്‍എമാര്‍ക്കായി ചെലവഴിക്കുന്നത്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 25 പൊലീസുകാരെയാണു റിസോര്‍ട്ടുകളില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

റിസോര്‍ട്ടിലേക്കു വരുന്നവരെയെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. എംഎല്‍എമാര്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നാണു സൂചന. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനുമാണ് എംഎല്‍എമാരുടെ സംരക്ഷണ ചുമതല.

ചോർച്ച വഗേലയുടെ രാജിക്കു പിന്നാലെ

182 അംഗ നിയമസഭയില്‍ 57 ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിങ് വഗേലയുടെ രാജിക്കു പിന്നാലെ ആറ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് രാജ്പുത്തിനെ ബിജെപി രാജ്യസഭയിലേക്കുള്ള മൂന്നാം സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് 40 എംഎല്‍എമാരെ കഴിഞ്ഞദിവസം രാത്രി ബെംഗളൂരുവിലേക്കു മാറ്റിയത്. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടാല്‍ അഹമ്മദ് പട്ടേലിനെ ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്ക് എത്തിക്കുന്നതു കോണ്‍ഗ്രസിനു വെല്ലുവിളിയാകും. അമിത് ഷായും സ്മൃതി ഇറാനിയുമാണ് എന്‍ഡിഎയുടെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍.

related stories