Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മൻ കി ബാത്തി’ൽ ജിഎസ്ടിയെയും വനിതാ ക്രിക്കറ്റ് ടീമിനെയും പുകഴ്ത്തി പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ നടപ്പാക്കിയ ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനം രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാക്കിയ മാറ്റങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് ജിഎസ്ടി വരുത്തിയ വിപ്ലവകരമായ വ്യത്യാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.

രാജ്യത്ത് ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന്റെ ഗുണം വിവിധ മേഖലകളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ജിഎസ്ടി അടിമുടി മാറ്റിമറിച്ചു. ഫെഡറലിസത്തിന്റെ സഹകരണ മുഖം കൂടിയാണ് ഇതിലൂടെ തെളിഞ്ഞുകാണുന്നത്. എല്ലാ തീരുമാനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് കൈക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജിഎസ്ടിയുടെ വിജയകരമായ നടത്തിപ്പ് വരും വർഷങ്ങളിൽ വിവിധ രാജ്യങ്ങൾ പഠന വിഷയമാക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യാപാരികളും സർക്കാരും തമ്മിലും, ഉപഭോക്താക്കളും സർക്കാരും തമ്മിലുമുള്ള ബന്ധത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ പുതിയൊരു സംസ്കാരം തന്നെ ഇതിലൂടെ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ക്രിക്കറ്റ് ടീമിനെക്കുറിച്ചും വാചാലനായി പ്രധാനമന്ത്രി

ഇംഗ്ലണ്ടിൽ അടുത്തിടെ സമാപിച്ച വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലി‍ൽ കടന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനും മൻ കി ബാത്തിൽ പ്രധാനമന്ത്രി സമയം കണ്ടെത്തി. ലോകകപ്പ് ഫൈനലിലെത്തിയ വനിതാ ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. ടീമംഗങ്ങളെ കാണാനും പരിചയപ്പെടാനും അടുത്തിടെ എനിക്ക് അവസരം ലഭിച്ചിരുന്നു. വളരെ സുന്ദരമായ നിമിഷങ്ങളായിരുന്നു അത്. എന്നാൽ, ഫൈനലിലെ തോൽവി അവരെ വല്ലാതെ സങ്കടപ്പെടുത്തുന്നതായി എനിക്കു തോന്നി.

മാധ്യമങ്ങൾക്ക് വൻ പ്രാധാന്യം ലഭിക്കുന്ന ഇക്കാലത്ത്, താരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ പതിവിലും അധികമായിരിക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു. പ്രതീക്ഷകൾ നിറവേറാതെ വരുമ്പോൾ, അവർ നമുക്ക് എതിരാകും. ടീം തോൽക്കുമ്പോൾ ആളുകൾ പരിധിവിട്ട് പെരുമാറുന്ന പല സംഭവങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. തോൽവിയേക്കാളും നമ്മെ വേദനിപ്പിക്കുന്നത്, അതിന്റെ പേരിൽ ടീമിനെക്കുറിച്ച് തോന്നുന്നതെന്നും പറയുകയും എഴുതുകയും ചെയ്യുന്നതാണെന്നും മോദി അഭിപ്രായപ്പെട്ടു.

എന്നാൽ, കിരീടം നേടാനായില്ലെങ്കിലും രാജ്യമൊന്നാകെ ടീമിനു പിന്തുണയുമായി അണിനിരന്ന സന്ദർഭമായിരുന്നു ഇത്തവണ കണ്ടതെന്ന് മോദി ചൂണ്ടിക്കാട്ടി. മാത്രമല്ല, ടീമംഗങ്ങളുടെ പ്രകടനത്തെ രാജ്യമൊന്നാകെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു. പ്രതീക്ഷ നൽകുന്ന മാറ്റമാണിത്. ഇത്തരം പിന്തുണ നേടാനായ വനിതാ ടീമംഗങ്ങൾ ഭാഗ്യവതികളാണെന്നും മോദി പറഞ്ഞു. കിരീടം നേടാനായില്ലെങ്കിലും 125 കോടി ആളുകളുടെ മനസിൽ ഇടം നേടാനായത് വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories