Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി അനിഷേധ്യനായ നേതാവ്; അടുത്ത തിരഞ്ഞെടുപ്പിലും തോൽപ്പിക്കാനാവില്ല: നിതീഷ്

Nitish Kumar നരേന്ദ്ര മോദിയും നിതീഷ് കുമാറും. (ഫയൽ ചിത്രം)

പട്ന ∙ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പിടിച്ചുനിൽക്കാൻ ആർക്കും സാധിക്കില്ലെന്ന് എൻഡിഎയിലേക്കു ചുവടുമാറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ അനിഷേധ്യനായ നേതാവാണു മോദിയെന്നും മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടുവന്ന ഘട്ടത്തിൽ, മോദിയോട് എതിരിടാൻ തക്ക വ്യക്തിപ്രഭാവമുള്ള നേതാവ് എന്ന് വിലയിരുത്തപ്പെട്ടയാളാണു നിതീഷ് കുമാർ.

ആര്‍ജെഡിയുമായുളള സഖ്യം ഒഴിവാക്കുകയല്ലാതെ തനിക്കു മുന്നിൽ മറ്റു വഴികളില്ലായിരുന്നെന്നും നിതീഷ് കുമാർ പറഞ്ഞു‍. അഴിമതിയോടു വിട്ടുവീഴ്ച ചെയ്യാനാവില്ല. ജനങ്ങളെ സേവിക്കുന്നതിനാണു ജനവിധി, അല്ലാതെ പണമുണ്ടാക്കുന്നതിനല്ല. മഹാസഖ്യത്തെ സംരക്ഷിക്കാൻ താൻ ആവതു ശ്രമിച്ചെങ്കിലും അഴിമതിക്കറ മായ്ച്ചു തിരിച്ചുവരാനുള്ള തന്റെ അഭ്യർഥന ആർജെഡി നേതൃത്വം തള്ളിക്കളഞ്ഞെന്നു നിതീഷ് ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ കോടതിയാണു തനിക്ക് വലുത്. അവരെ സേവിക്കുകയാണു തന്റെ ഉത്തരവാദിത്തം, അല്ലാതെ ഒരു കുടുംബത്തെ സേവിക്കുകയല്ല. മതേതരത്വമെന്നുള്ളത് ഒരു തത്വചിന്തയാണ്. അല്ലാതെ അഴിമതി മൂടിവയ്ക്കുന്നതിനുള്ള മാർഗമല്ലെന്നും നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. എന്താണു സാഹചര്യമെന്നു തനിക്കു നന്നായി അറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു.

മഹാസഖ്യം പിളർത്തി എൻഡിഎയ്ക്കൊപ്പം പോയ നിതീഷ് കുമാറിന്റെ നടപടിയെ ‘നിർഭാഗ്യകരം’ എന്നു വിശേഷിപ്പിച്ചു ജെഡിയു ദേശീയ അധ്യക്ഷൻ ശരദ് യാദവ് തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിന്റെ തീരുമാനത്തോടു തനിക്കു വ്യക്തിപരമായി വിയോജിപ്പാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.