Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധമന്ത്രിയാകാൻ അമിത് ഷാ? ബിജെപി അധ്യക്ഷസ്ഥാനത്ത് സന്തോഷവാനെന്ന് മറുപടി

Amit Shah

ലക്നൗ ∙ കേന്ദ്ര പ്രതിരോധ മന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ‍ തള്ളി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്ന കാര്യം പരിഗണനയില്ലെന്നും, ഏറ്റവും സന്തോഷത്തോടെയാണ് അവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റിൽ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ അമിത് ഷാ, അതിനുശേഷം ബിജെപി ദേശീയ അധ്യക്ഷസ്ഥാനം രാജിവച്ച് കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി അദ്ദേഹം നേരിട്ടു രംഗത്തെത്തിയത്.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി അധ്യക്ഷനെന്ന നിലയിൽ പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് നിലവിൽ എനിക്കുള്ളത്. ഈ സ്ഥാനത്ത് ഏറ്റവും സന്തുഷ്ടനാണ് ഞാൻ. ഏറ്റവും ഊഷ്മളമായി പ്രവർത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നതും. നിങ്ങളായിട്ട് എന്നെ പുറത്താക്കരുത് – ഷാ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ത്രിദിന സന്ദർശനത്തിനായി ഉത്തർപ്രദേശിൽ എത്തിയതായിരുന്നു അദ്ദേഹം.

ബിഹാറിൽ ഒരു പാർട്ടിയിലും ബിജെപി വിള്ളലുണ്ടാക്കിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അഴിമതിക്കാർക്കൊപ്പം നിൽക്കാൻ താൽപര്യമില്ലാതെ സ്ഥാനം രാജിവച്ചത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളയാളെ അവരോടൊപ്പം തുടരാൻ നിർബന്ധിക്കാനാകുമോ എന്നും അമിത് ഷാ ചോദിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ചരിത്രവിജയം ആവർത്തിച്ച് ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബ, ജാതി വാഴ്ചകൾക്കും പ്രീണന രാഷ്ട്രീയത്തിനും അന്ത്യം കുറിച്ച സർക്കാരാണ് ഇപ്പോഴുള്ളതെന്നും ചൂണ്ടിക്കാട്ടി.

സുപ്രധാന വകുപ്പുകളിൽ ഒഴിവ്; അഴിച്ചുപണിക്കു മോദി

പ്രതിരോധം, നഗര വികസനം, പരിസ്ഥിതി, വാർത്താ വിനിമയം തുടങ്ങിയ സുപ്രധാന വകുപ്പുകൾക്ക് നിലവിൽ സ്ഥിരം മന്ത്രിമാരില്ല. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി രാജിവച്ചപ്പോഴാണ് പ്രതിരോധ മന്ത്രാലയത്തിൽ ഒഴിവു വന്നത്. ധനമന്ത്രി അരുൺ ജയ്റ്റ്‍ലിക്കാണ് നിലവിൽ പ്രതിരോധവകുപ്പിന്റെ അധിക ചുമതല.

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡു, മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് നഗര വികസന, വാർത്താ വിനിമയ വകുപ്പുകൾ ഒഴിവു വന്നത്. തുടർന്ന് കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രി സ്മൃതി ഇറാനിക്കു വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറിനു നഗരവികസന മന്ത്രാലയത്തിന്റെയും അധികച്ചുമതല നൽകി.

പരിസ്ഥിത മന്ത്രിയായിരുന്ന അനിൽ ദവെ അന്തരിച്ചതിനാൽ ഈ വകുപ്പിന്റെ അധിക ചുമതല വഹിക്കുന്നത് ആരോഗ്യവകുപ്പു മന്ത്രി ഡോ. ഹർഷവർധനാണ്.

അമിത് ഷാ ഉൾപ്പെടെയുള്ളവർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു പിന്നാലെ, കേന്ദ്രമന്ത്രിസഭയിൽ മോദി അഴിച്ചുപണി നടത്തുമെന്നാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിമാരെന്ന നിലയിൽ മോശം പ്രകടനം നടത്തുന്നവരെ പുറത്താക്കുമെന്നും പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമാണ്. ഇതിനൊപ്പം, അമിത് ഷായെ പ്രതിരോധ വകുപ്പു മന്ത്രിയാക്കുമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.