Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറാം ലോട്ടറി നിയമവിരുദ്ധം, നിരോധിക്കണം: കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

lottery Representational Image

തിരുവനന്തപുരം ∙ മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കേരളം കത്തു നൽകി. മിസോറാം സർക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സും തമ്മിലുണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തു മിസോറാം ലോട്ടറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നും കേരളം ചൂണ്ടിക്കാട്ടി. ക്രമക്കേടുകൾ വിശദമായി ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് അവഗണിച്ച് നിയമവിരുദ്ധമായ കരാറുമായി ലോട്ടറി നടത്താൻ ശ്രമിച്ച മിസോറാം ലോട്ടറി ഡയറക്ടറെ ശിക്ഷിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ലോട്ടറി നടത്തിപ്പ് നിർത്തിവെയ്ക്കണമെന്നു കാണിച്ചു മിസോറാം സർക്കാരിനും കത്തു നൽകിയിട്ടുണ്ട്. 

ലോട്ടറിയെ സംബന്ധിച്ച അറിയിപ്പു കേരള സർക്കാരിനെ അറിയിച്ചതിൽ തുടങ്ങി ക്രമക്കേടുകളുടെ പരമ്പര തന്നെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തു ലോട്ടറി വിൽക്കുമ്പോൾ, ആ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിപണന സംവിധാനത്തിന്റെ സമഗ്രമായ വിവരങ്ങൾ ബന്ധപ്പെട്ട സർക്കാരിനെ വളരെ മുമ്പേ അറിയിച്ചിരിക്കണമെന്നാണു കേന്ദ്രസർക്കാർ നിർദ്ദേശം. മിസോറാം ലോട്ടറിയുടെ പരസ്യം വന്നതിനു ശേഷമാണു മിസോറാം സർക്കാരിന്റെ അറിയിപ്പു കേരളത്തിനു ലഭിച്ചത്. 

കേന്ദ്ര ലോട്ടറി നിയമത്തിലെ നാല് (ഡി) വകുപ്പിന്റെ ലംഘനമാണ് ഏറ്റവും നിയമവിരുദ്ധം. വിറ്റ ലോട്ടറിയുടെ മുഴുവൻ വരുമാനവും സംസ്ഥാന ഖജനാവിൽ അടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ മിസോറാം സർക്കാരിന് തുച്ഛമായ തുകയാണു ലഭിക്കുന്നത്. മിനിമം ഗ്യാരണ്ടീഡ് റവന്യൂ എന്ന നിയമവിരുദ്ധമായ വ്യവസ്ഥയുടെ മറവിലാണ് ഈ കള്ളക്കളിയെന്നു തെളിവുസഹിതം സിഎജി ചൂണ്ടിക്കാട്ടുന്നു. പ്രതിദിന നറുക്കെടുപ്പുകൾക്ക് 12,000 രൂപയും ബംബർ നറുക്കെടുപ്പിന് അഞ്ചു ലക്ഷം രൂപയുമാണു സർക്കാരിനു വിതരണക്കാർ കൊടുക്കേണ്ടത്. മൂന്നു വർഷം കൊണ്ട് വെറും 25 കോടി രൂപയാണ് ഇത്തരത്തിൽ മിസോറാം ഖജനാവിൽ ഒടുക്കിയത്. ലോട്ടറി വിൽപനയിലൂടെ വിതരണക്കാർ കൈക്കലാക്കിയത് 11808 കോടി രൂപയും.

ടിക്കറ്റിന്റെ അച്ചടിയിലും ക്രമക്കേടുണ്ട്. ലോട്ടറി നിയമത്തിലെ വകുപ്പ് നാല് (ബി) പ്രകാരം സംസ്ഥാന സർക്കാരുകൾ നേരിട്ടാണു ടിക്കറ്റ് അച്ചടിക്കേണ്ടത്. കറൻസി നോട്ടുകൾക്കും മുദ്രപ്പത്രങ്ങൾക്കുമുള്ള പ്രാധാന്യം ലോട്ടറി ടിക്കറ്റിനുമുണ്ട്. കള്ളനോട്ടും വ്യാജമുദ്രപ്പത്രവും ഇറക്കുന്നതുപോലെ വ്യാജ ലോട്ടറികളുടെ സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടാണു സംസ്ഥാന സർക്കാരുകൾ നേരിട്ട് ലോട്ടറി ടിക്കറ്റ് അച്ചടിക്കണമെന്നു പാർലമെന്റ് വ്യവസ്ഥ ചെയ്തത്. എന്നാൽ മിസോറാം ലോട്ടറി അച്ചടിക്കുന്നത് ഏജന്റുമാരാണ്. പ്രസുകളും സർക്കാരും തമ്മിൽ ഒരു കരാറുമില്ല.

മിസോറാം ലോട്ടറി ഡയറക്ടറേറ്റിന്റെ വിലാസമോ ഫോൺ നമ്പരോ വെബ് വിലാസമോ ടിക്കറ്റുകളിൽ അച്ചടിച്ചിട്ടില്ല. ബാർ കോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളും ടിക്കറ്റിലില്ല. ടിക്കറ്റുകളുടെ വിൽപനയിൽ മാത്രമേ വിതരണക്കാരെയും വിൽപന ഏജന്റുമാരെയും പങ്കെടുപ്പിക്കാവൂ എന്ന് ലോട്ടറി നിയമം നാല് (സി) വകുപ്പു നിഷ്കർഷിക്കുന്നു. എന്നാൽ മിസോറാം ലോട്ടറിയുടെ ഡിസൈനും സ്കീമുകളും അച്ചടിയും ഭൗതികസൗകര്യങ്ങളും നറുക്കെടുപ്പും സമ്മാനവിതരണവും സാങ്കേതികവിദ്യയുമെല്ലാം വിതരണക്കാർ നേരിട്ടാണു നടത്തുന്നത്. നറുക്കെടുപ്പു ഫലം പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന സർക്കാരല്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി ചൂണ്ടിക്കാട്ടിയാണു കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്.