Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപിമാർ ‘മുങ്ങി’യപ്പോൾ ഭേദഗതികളോടെ ബിൽ പാസായി; അമിത് ഷാ കലിപ്പിൽ

Lok Sabha

ന്യൂഡൽഹി ∙ പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിന്റെ ഇരുസഭകളേയും ഇളക്കിമറിക്കുന്ന സമയത്ത് സഭയിൽ ഹാജരാകാതെ ‘മുങ്ങിയ’ മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബിജെപി എംപിമാർക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ ശകാരം. സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ എംപിമാർ നിറഞ്ഞാടിയ തിങ്കളാഴ്ച സഭയിൽ ഹാജരാകാതിരുന്ന എംപിമാരാണ് അമിത് ഷായുടെ ക്രോധത്തിന് പാത്രമായത്. മന്ത്രിമാരുൾപ്പെടെ മുപ്പതോളം എംപിമാരാണ് നിർണായക ദിവസമായ തിങ്കളാഴ്ച സഭയിൽനിന്നു വിട്ടുനിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

പിന്നാക്കവിഭാഗ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പരിഗണിക്കുന്നതിനിടെയായിരുന്നു എംപിമാരുടെ മുങ്ങൽ. ഇതേത്തുടർന്ന് കോൺഗ്രസ് കൊണ്ടുവന്ന ഭേദഗതികളോടെ ബിൽ പാസായതാണ് അമിത് ഷായെ ചൊടിപ്പിച്ചത്. ഭൂരിപക്ഷം ഉറപ്പാക്കിയിട്ടും കോൺഗ്രസ് കൊണ്ടുവന്ന ഭേദഗതികളോടെ കേന്ദ്രസർക്കാരിനു വലിയ തിരിച്ചടിയായിരുന്നു. ബിൽ പരിഗണിക്കുന്ന സമയത്ത് ശക്തമായ ഭേദഗതികൾ നിർദേശിച്ചു പ്രതിപക്ഷം രംഗത്തെത്തിതാണ് വോട്ടെടുപ്പിലേക്കു നയിച്ചത്. ഭരണപക്ഷത്ത് അംഗങ്ങൾ കുറവായതിനാൽ ഭേദഗതികളോടെ ബിൽ പാസാകുകയായിരുന്നു.

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബിൽ. പിന്നാക്ക വിഭാഗങ്ങൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് കമ്മിഷന് കോടതിക്കു തുല്യമായ അധികാരപദവി നൽകണമെന്നാണ് ബില്ലിൽ ആവശ്യപ്പെട്ടിരുന്നത്. കമ്മിഷനിലെ അംഗങ്ങളെല്ലാം ഒബിസി വിഭാഗത്തിൽനിന്നായിരിക്കണമെന്നും ഒരാൾ സ്ത്രീ ആയിരിക്കണെന്നും പ്രതിപക്ഷം ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 74 വോട്ടുകളും എൻഡിഎയ്ക്ക് 52 വോട്ടുകളും ലഭിച്ചു. ബിൽ പാസായതോടെ അത് വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്ക് അയയ്ക്കും.

related stories