Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരും; കേന്ദ്രമന്ത്രി പാർലമെന്റിൽ

LPG Cylinders

ന്യൂഡൽഹി∙ പാചകവാതകത്തിനുള്ള സബ്സിഡി പൂർണമായും നിർത്തലാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പാവപ്പെട്ടവർക്കു എൽപിജി സബ്സിഡി തുടർന്നും നൽകും. അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുത്തത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും പെട്രോളിയം മന്ത്രി സഭയിൽ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്സിഡിയാണ് തുടരുക.

അതേസമയം, സബ്സിഡി നിർത്തലാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെ പാർലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധമാണുയർന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധമുയർന്നതിനെ തുടർന്ന് രാജ്യസഭ നിർത്തിവച്ചു.

അടുത്ത വർഷം മാർച്ചോടെ എല്ലാ സബ്‌സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എൽപിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം വർധിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മേയ് 30നു കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്കു നൽകിയ ഉത്തരവു ജൂൺ ഒന്നിനാണു നിലവിൽ വന്നത്. എൽപിജിയുടെ സബ്‌സിഡി നിരക്കു പ്രതിമാസം രണ്ടുരൂപ വീതം ഉയർത്താനാണു കഴിഞ്ഞവർഷം പൊതുമേഖലാ എണ്ണക്കമ്പനികളോടു സർക്കാർ ഉത്തരവിട്ടിരുന്നത്.

സബ്‌സിഡി പൂർണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവർധന ഇരട്ടിയാക്കിയത്. ഇതു സബ്‌സിഡി പൂർണമായി ഇല്ലാതാകുന്നതു വരെയോ അല്ലെങ്കിൽ അടുത്ത മാർച്ച് വരെയോ എന്നായിരുന്നു നിർദേശം. ‌സബ്‌സിഡി നിരക്കിൽ ഇപ്പോൾ ഓരോ വീടിനും ഒരുവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടർ വീതമാണു ലഭിക്കുക. കൂടുതൽ ആവശ്യമായാൽ വിപണിവില നൽകണം. സബ്‌സിഡി നിരക്കിൽ പാചകവാതകം ഉപയോഗിക്കുന്നവർ രാജ്യത്ത് ആകെ 18.11 കോടി വരും.