Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഫീസ് സയീദിന്റെ പാക്ക് ഭീകര സംഘടന ആയുധങ്ങൾ സംഭരിക്കുന്നതായി റിപ്പോർട്ട്

Del6387671

ലഹോർ ∙ ജമാ അത്തുദ്ദഅവ ഭീകരസംഘടന പാക്കിസ്ഥാനിൽ രഹസ്യമായി ആയുധങ്ങൾ സംഭരിക്കുന്നതായി പഞ്ചാബ് പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡിന്റെ റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ ഹാഫീസ് സയീദിന്റെ അടുത്ത ബന്ധുവും സംഘടനയുടെ ഇപ്പോഴത്തെ മേധാവിയുമായ അബ്ദുൽ റഹ്‌മാൻ മാക്കിയുടെ നേതൃത്വത്തിൽ ആയുധങ്ങൾ ശേഖരിക്കുന്നത് സംഘടനയുടെ ശക്തി തെളിയിക്കാനും വേണ്ടിവന്നാൽ പൊലീസിനെതിരെ പ്രയോഗിക്കാനുമാണെന്നു റിപ്പോർട്ട് പറയുന്നു.

ഭീകരപ്രവർത്തനങ്ങൾക്കായി ഇവർ ധനസമാഹരണവും ഊർജിതമായി നടത്തുന്നതായി ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ഹാഫീസ് സയീദും അടുത്ത നാലു കൂട്ടാളികളും പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ നിയമവും പൊതു നിയമവും അനുസരിച്ച് കഴിഞ്ഞ ജനുവരി 31 മുതൽ വീട്ടുതടങ്കലിലാണ്.

പഞ്ചാബ് പ്രവിശ്യാധികാരികൾ സയീദിന്റെ വീട്ടുതടങ്കൽ രണ്ടു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. 60 ദിവസം കൂടി വീട്ടുതടങ്കലിൽ കഴിയുന്ന സയീദിന് സെപ്റ്റംബർ അവസാനം പുറത്തിറങ്ങാം. സയീദ് വീട്ടുതടങ്കലിലായതിനെ തുടർന്നാണ് അബ്ദുൽ റഹ്‌മാൻ മാക്കി ജമാ അത്തുദ്ദഅവയുടെ മേധാവിയായി സ്ഥാനമേറ്റത്.

സയീദിന്റെ വീട്ടുതടങ്കൽ രണ്ടുമാസം കൂടി നീട്ടിയതിനെതിരെ അബ്ദുൽ റഹ്‌മാൻ മാക്കി ശക്തമായ മുന്നറിയിപ്പു നൽകി. 2008ൽ മുംബൈയിൽ ആക്രമണം നടത്തിയ ജമാഅത്തുദ്ദഅവ എന്ന സംഘടനയുടെ പേര് ഹാഫിസ് സയീദ്, തെഹ്‌രീകെ ആസാദി ജമ്മു കശ്മീർ എന്നു പിന്നീട് മാറ്റിയിരുന്നു.

തുടർന്ന് തെഹ്‌രീകെ ആസാദി ജമ്മു കശ്മീർ എന്ന സംഘടനയ്ക്കും പാക്ക് സർക്കാർ വിലക്കേർപ്പെടുത്തി. ലഷ്കറെ തയിബയെ ഭീകരസംഘടനയായി 2001ൽ യുഎസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് 2002ൽ പാക്കിസ്ഥാനും അതിനു വിലക്കേർപ്പെടുത്തിയത്.

ലഷ്കറിൽനിന്നാണ് ജമാഅത്തുദ്ദഅവയും പിന്നീട് തെഹ്‌രീകെ ആസാദിയും ജന്മമെടുത്തത്. ലഷ്കറെ തയിബയുടെ സ്ഥാപകനും സയീദ് തന്നെയാണ്.