Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതയോരത്തെ മദ്യശാല: നിയമം പൊളിച്ചെഴുതാൻ ഗോവ സർക്കാർ

liquor Representational image

പനജി∙ നഗരത്തിലെ മദ്യശാലകൾ വീണ്ടും തുറക്കാൻ സംസ്ഥാനപാത നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഗോവ സർക്കാർ. നഗരത്തിന്റെ തുടക്കഭാഗത്തു സംസ്ഥാനപാതയുടെ പദവി എടുത്തുമാറ്റാനും നഗരപരിധി തീരുമ്പോൾ പദവി പുനഃസ്ഥാപിക്കാനുമാണു സർക്കാർ ഉദ്ദേശിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കാൻ നിയമഭേദഗതി ഉപകരിക്കുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

നഗരത്തിലൂടെ കടന്നുപോകുന്ന ഹൈവേകൾക്ക് ഇനിമുതൽ സംസ്ഥാനപാതയെന്ന പദവി ഉണ്ടാകില്ലെന്നും നിയമം ഭേദഗതി ചെയ്യുമെന്നും ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. പോണ്ട, കർക്കോറം, സൻഗുവെം, ബിഷോളിം തുടങ്ങിയ നഗരങ്ങളിലെ മദ്യശാലകൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ–സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന് 2016 ഏപ്രിലിലാണു സുപ്രീം കോടതി ഉത്തരവുണ്ടായത്. ഗോവയിലെ മൂവായിരത്തോളം മദ്യശാലകളെ ഉത്തരവ് ദോഷകരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. ഇതോടെയാണ് സർക്കാർ പുതിയവഴി തേടിയത്.

മദ്യശാലകൾക്കു നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് മറികടക്കാൻ ദേശീയ–സംസ്ഥാനപാതകൾ പുനർ വിജ്ഞാപനം ചെയ്ത നടപടിയിൽ ഇടപെടില്ലെന്നു നേരത്തെ സുപ്രീം കോടതി നിലപാടെടുത്തതും ഗോവയ്ക്കു പ്രചോദനമായി.