Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു; റവന്യുമന്ത്രി അറിഞ്ഞില്ല

e-chandrasekharan minister

തൊടുപുഴ∙ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഒാഫിസ് വിളിച്ച ഉന്നതതലയോഗത്തെകുറിച്ചു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന അറിയിച്ചില്ല. യോഗത്തിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയും എജിയും നിയമ സെക്രട്ടറിയും പങ്കെടുത്തു. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ചു തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം.

മുഖ്യമന്ത്രിയുടെ ഒാഫിസ് വിളിച്ചയോഗത്തിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും പങ്കെടുത്തു. എന്നാൽ യോഗത്തെ കുറിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഒാഫിസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. അഡ്വക്കേറ്റ് ജനറൽ, അഡീഷണൽ എജി, നിയമസെക്രട്ടറി എന്നിവർക്കൊപ്പം റവന്യുവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയും പങ്കെടുത്തു. കോടതിയിൽ നിലനിൽക്കും വിധമാകണം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളെന്ന് അഭിപ്രായം ഉയർന്നു. ഇതിനുള്ള നിർദേശങ്ങൾ തയാറാക്കാനും യോഗം തീരുമാനിച്ചു. കൃഷിയാവശ്യത്തിനു നൽകിയ ഭൂമിയിൽ ധാരാളം പേർ വീടു വച്ചിട്ടുണ്ട്. 

ഇതു പതിവു ചട്ടങ്ങൾക്കു വിരുദ്ധമാണ്. എന്നാൽ ഇവരെ ഒഴിപ്പിക്കാനാവില്ല. അതിനാൽ ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വേണം. ഇതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അഡീഷണൽ എജി രഞ്ജിത് തമ്പാനോട് ആവശ്യപ്പെട്ടു. മൂന്നാർ ടൗൺഷിപ്പിന്റെ പ്രത്യേക പദവി, അതിനായി അതോറിറ്റി സ്ഥാപിക്കണോ തുടങ്ങിയ കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്കു വന്നു. എന്നാൽ ഇതിൽ ഒട്ടുമിക്കകാര്യങ്ങളിലും നയപരമായ തീരുമാനം വേണം. അതിനു മുഖ്യമന്ത്രിയും റവന്യു, വനം മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ചയും ആവശ്യമാണ്. കൂടാതെ ഇടതു മുന്നണിയുടെ അംഗീകാരവും നേടണം. അതേസമയം, റവന്യുമന്ത്രിയെ നേരത്തെ വിവരം അറിയിക്കാതെ യോഗം വിളിച്ചുചേർത്തതിനോടുള്ള അതൃപ്തിയിലാണ് സിപിഐ.

related stories