Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ബന്ധം: ആലപ്പുഴ സ്വദേശി ഉൾ‌പ്പെടെ മൂന്നുപേർ എന്‍ഐഎ കസ്റ്റഡിയിൽ

isis

കൊച്ചി ∙ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആലപ്പുഴ സ്വദേശി എൻഐഎ കസ്റ്റഡിയിൽ. ജില്ലാ കോടതി വാർഡിൽ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തിൽ ഷിഹാബുദ്ധീന്റെ മകൻ ബാസിൽ ഷിഹാബിനെ (25) ആണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിൽ‌ എടുത്തത്. കോയമ്പത്തൂരിൽനിന്നു മറ്റു രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തതായാണു വിവരം.

ഷിഹാബിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച കൊച്ചിയിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായപ്പോഴാണു കസ്റ്റഡിയിൽ എടുത്തത്. ഐഎസിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റിടുകയും ഫെയ്സ്ബുക്ക് ലിങ്കും ബാസിൽ ഷിഹാബ് ഉപയോഗിച്ചെന്ന് എൻഐഎ കണ്ടെത്തി. മൊബൈൽ ഫോണുകളും ഡിവിഡികളും ഐഎസ് ബന്ധമുള്ള രേഖകളും ഇയാളുടെ വീട്ടിൽനിന്നു പിടിച്ചെടുത്തു. ഐഎസില്‍ ചേര്‍ന്ന മലയാളി അബ്ദുല്‍ റഷീദുമായും ആലപ്പുഴ സ്വദേശിക്കു ബന്ധമുണ്ടെന്നു എൻഐഎയ്ക്കു സൂചന ലഭിച്ചു. ഐഎസുമായി ബന്ധപ്പെട്ടു കോയമ്പത്തൂരിൽ രണ്ടിടത്തും റെയ്ഡ് നടന്നിരുന്നു.

അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ഡല്‍ഹിയില്‍ പിടിയിലായ കണ്ണൂര്‍ സ്വദേശി ഷാജഹാൻ പൊലീസിനു മൊഴി നൽകി. ദക്ഷിണേന്ത്യയിലെ സംഘപരിവാര്‍ നേതാക്കളെയായിരുന്നു ലക്ഷ്യമിട്ടത്. നിര്‍ണായക വെളിപ്പെടുത്തലിനെതുടര്‍ന്ന് അന്വേഷണം കേരളത്തിലേക്കു വ്യാപിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു കേസിൽ ഐഎസുമായി ബന്ധപ്പെട്ട ആലപ്പുഴ സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.