Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് നുഴഞ്ഞുകയറ്റത്തിൽ റെക്കോർഡ് വർധന; തടയാൻ ആധുനിക വേലി: ജയ്റ്റ്ലി

Pakistan Army

ന്യൂഡൽഹി∙ അതിർത്തിയിലൂടെ ജമ്മു കശ്മീരിലേക്കു ഭീകരരെ തള്ളിവിടുന്നതു പാക്കിസ്ഥാൻ വർദ്ധിപ്പിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തു കാര്യമായ നാശനഷ്ടമുണ്ടാക്കാൻ ഇന്ത്യയ്ക്കു സാധിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. ലോക്സഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു അരുൺ ജയ്റ്റ്ലി.

'ഇന്ത്യൻ സേനയ്ക്ക് അതിർ‌ത്തിയിലുടനീളം മേധാവിത്വവും ആഘാതം സൃഷ്ടിക്കാനുള്ള ശേഷിയുമുണ്ട്. അതിർത്തു കടന്നുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കാനുള്ള നടപടികളെടുക്കുന്നുമുണ്ട്. പക്ഷേ, നുഴഞ്ഞുകയറ്റം വർധിപ്പിക്കാൻ പാക്കിസ്ഥാൻ കാര്യമായി ശ്രമിക്കുന്നു. നുഴഞ്ഞുകയറ്റത്തിൽ റെക്കോർഡ് വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്'- ജയ്റ്റ്ലി പറഞ്ഞു.

നിയന്ത്രണ രേഖയിൽ ഈ വർഷം ഇതുവരെ 285 പ്രാവശ്യം പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചു. 2016ൽ ഇത് 228 തവണയായിരുന്നു. ബിഎസ്എഫും സൈന്യവും കാവൽ നിൽക്കുന്ന രാജ്യാന്തര അതിർത്തിയിൽ 221 തവണയാണു വെടിനിർത്തൽ കരാർ ലംഘനമുണ്ടായതെന്നും ജയ്റ്റ്ലി ചോദ്യത്തിനു മറുപടിയായി അറിയിച്ചു.

രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലും നുഴഞ്ഞുകയറ്റങ്ങൾ തടയാൻ പ്രത്യേക സംവിധാനമായ എഐഒഎസ് (ആന്റി ഇൻഫിൽട്രേഷൻ ഒബ്സറ്റക്കിൾ സിസ്റ്റം) ആരംഭിക്കാൻ സൈന്യം ഒരുങ്ങുന്നതായി ജയ്റ്റ്ലി പറഞ്ഞു. റഡാറുകൾ, സെൻസറുകൾ, തെർമൽ ഇമേജേർസ് തുടങ്ങിയവയെല്ലാം കോർ‌ത്തിണക്കിയ ആധുനിക നിരീക്ഷണ സംവിധാനമാണ് ഒരുക്കുക. നുഴഞ്ഞുകയറ്റമുണ്ടായാൽ മുന്നറിയിപ്പു തരുന്ന വേലികൾ സ്ഥാപിക്കുമെന്നും ജയ്റ്റ്ലി ലോക്സഭയെ അറിയിച്ചു.